Connect with us

Kannur

തലശ്ശേരിയില്‍ വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു

Published

|

Last Updated

തലശ്ശേരി: കുത്തിയൊലിച്ചുവന്ന മഴവെള്ളം റോഡ് നിറഞ്ഞ് ഒഴുകിയതോടെ തലശ്ശേരിയില്‍ വാഹനയാത്രയും കാല്‍നടയാത്രയും പലയിടത്തും ദുരിതപൂര്‍ണമായി. ദേശീയപാതയില്‍ ജില്ലാ കോടതിക്ക് സമീപം ബി എഡ് ഹോസ്റ്റല്‍ വളപ്പിലെ മരം പൊട്ടി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നാരങ്ങാപ്പുറത്ത് മുന്‍കാലങ്ങളിലെ പോലെ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴവെള്ളം ഒഴിഞ്ഞുപോവാതെ കെട്ടിനിന്നത് കാരണം ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്തെ കടകളിലേക്ക് വെള്ളമെത്തുന്നതിനാല്‍ മുകുന്ദ് ജംഗ്ഷനില്‍ നാട്ടുകാരും കച്ചവടക്കാരും ചേര്‍ന്ന് റോഡില്‍ കയര്‍കെട്ടി ഗതാഗതം തടഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. മമ്മാക്കുന്ന്-മീത്തലെ പീടിക റോഡില്‍ പലയിടത്തും വെള്ളം പൊങ്ങിയത് യാത്രാക്ലേശത്തിനിടയാക്കി. റോഡരികിലെ ഓവുചാലുകള്‍ തടസപ്പെട്ടതാണ് വെള്ളക്കെട്ടിനിടയാക്കിയത്. ചിറക്കുനിയിലെ ഏതാനും കടകളില്‍ വെള്ളം കയറി. മൃഗാശുപത്രി റോഡില്‍ വികലാംഗനായ ഓടത്തില്‍ സതീശന്റെ വീട് വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണുള്ളത്.
ഇതിനിടയില്‍ നാരങ്ങാപ്പുറത്ത് ഓടയില്‍ വീണ് യുവാവിന്റെ കൈയെല്ല് പൊട്ടി. മുകുന്ദ് ജംഗ്ഷനടുത്ത ഹോം സെന്റര്‍ ക്രോക്കറി കടയിലെ സെയില്‍സ്മാന്‍ പിണറായി സ്വദേശി റഹി (40) മിന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇന്നലെ രാവിലെയാണ് സംഭവം. ഏതാനും ദിവസം മുമ്പ് ഓവുചാല്‍ വൃത്തിയാക്കിയ നഗരസഭാ ജീവനക്കാര്‍ മാറ്റിവെച്ച സ്ലാബുകള്‍ യഥാസ്ഥാനത്ത് പുനസ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതത്രെ.