പരിസ്ഥിതി ലോല പ്രദേശം: പരാതികള്‍ വ്യാപകം

Posted on: May 9, 2014 1:14 am | Last updated: May 9, 2014 at 1:14 am

പാലക്കാട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിഷ്‌കരിച്ച ഭൂപടം തയാറാക്കുന്നതിനായി പഞ്ചായത്തുകളില്‍ ലഭിച്ചത് നിരവധി പരാതികള്‍. പുതുപ്പരിയാരം പഞ്ചായത്തില്‍ മാത്രം ലഭിച്ച പരാതികളുടെ എണ്ണം 1742.
പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, രണ്ട്, 17, 18, 19, 21 വാര്‍ഡുകളില്‍ നിന്നാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്തില്‍ 1762.77 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിരുന്നു.—കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിഷ്‌കരിച്ച ഭൂപടം തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അതതു പഞ്ചായത്തുകളില്‍ രേഖാ മൂലം പരാതി നല്‍കാനും സമയം കൊടുത്തിരുന്നു.
‘ഭൂമിയുടെ സര്‍വേ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍, ഭൂമിയുടെ വിസ്തീര്‍ണം, ഭൂമിയിലെ വിളകള്‍, വീട് ഇവ വ്യക്തമാക്കുന്ന രേഖകള്‍ക്കൊപ്പം ഭൂനികുതി അടച്ച രശീതിന്റെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. നൊച്ചുള്ളി, വള്ളിക്കോട്, പാലക്കാപറമ്പ്, വാര്‍ക്കാട് തുടങ്ങി ലോല പ്രദേശത്തുള്‍പ്പെട്ടവരാണ് പരാതിക്കാര്‍. നാല് സെന്റ് ഭൂമി മുതല്‍ ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരും ഇതില്‍ ഉള്‍പ്പെടും. പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ സൂക്ഷമ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് കലക്ടറേറ്റിലേക്ക് നല്‍കുകയും ചെയ്തു.—പരാതി പരിഗണിച്ച് 1:5000 സ്‌കെയില്‍ എന്ന അളവിന്റെ അടിസ്ഥാനത്തിലാണ് പുതിയഭൂപടം സംസ്ഥാനത്ത് തയാറാക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ 1:50,000 സ്‌കെയില്‍ എന്ന നിരക്കിലാണ് ഭൂപടം തയാറാക്കിയിരുന്നത്. പഞ്ചായത്ത് നല്‍കിയ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൈവവൈവിധ്യ ബോര്‍ഡ് പരിഷ്‌കരിച്ച ഭൂപടം തയാറാക്കി വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.