Connect with us

Malappuram

രണ്ടായിരത്തോളം ഏക്കര്‍ നെല്‍കൃഷി നശിച്ചു

Published

|

Last Updated

ചങ്ങരംകുളം: രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന വേനല്‍മഴയില്‍ പൊന്നാനി തൃശൂര്‍ കോള്‍ മേഖലകളില്‍ വ്യാപകമായ കൃഷി നാശം.
പൊന്നാനി കോള്‍ മേഖലയിലെ വിവിധ കോള്‍പടവുകളിലായി ആയിരത്തി അഞ്ഞൂറോളം ഏക്കറും തൃശൂര്‍ കോള്‍മേഖല കാട്ടാമ്പാല്‍ കോള്‍പടവിലെ അഞ്ഞൂറ് ഏക്കര്‍ കൃഷിയും ഉള്‍പ്പെടെ രണ്ടായിരത്തോളം ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളത്തിലായത്. പൊന്നാനി കോള്‍പടവിലെ കോലത്തുപാടം കോള്‍പടവില്‍ അറനൂറ്റി അന്‍പത് ഏക്കര്‍, കടുക്കുഴി കോള്‍പടവ് ഇരനൂറ് ഏക്കര്‍, തുരുത്തുമ്മല്‍ കോള്‍പടവില്‍ ഉള്‍പ്പെടുന്ന പെരുമ്പാള്‍ കായല്‍ പ്രദേശത്തെ നാല് ഏക്കര്‍ പട്ടിശ്ശേരി കോള്‍പടവിലെ അവശേഷിക്കുന്ന ഏതാനും ഏക്കര്‍ തുടങ്ങിയ പ്രദേശത്തെ കൃഷിയാണ് വെള്ളത്തില്‍ മുങ്ങിയത്.
കൃഷിയിടങ്ങളില്‍ വെള്ളം കെട്ടികിടക്കുകയാണ്. നെല്‍ചെടികള്‍ വെള്ളത്തില്‍ വീണ് കിടക്കുന്നതിനെ തുടര്‍ന്ന് നെല്ല് പൂര്‍ണമായും നശിച്ച അവസ്ഥയാണ്. വെള്ളത്തില്‍ വീണ് കിടക്കുന്ന നെല്ലുകള്‍ മുളക്കാനുള്ള സാധ്യതയും ഏറെയാണ്. പല കോള്‍പടവുകളിലും അടുത്ത ദിവസങ്ങളിലായി കൊയ്‌തെടുക്കേണ്ടതായിരുന്നു. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രങ്ങള്‍ ഇറക്കി കൊയ്യാനുള്ള സാഹചര്യവും ഇല്ലാതായിരിക്കുകയാണ്. മറ്റു പ്രദേശങ്ങളില്‍ പെയ്ത മഴവെള്ളം തോട്ടിലൂടെ ഒഴുകിയെത്തുന്നതും കൃഷിയിടങ്ങളിലെ ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് നെല്ല് കൊയ്‌തെടുക്കുന്നതിന് തടസമായിട്ടുണ്ട്. ബണ്ട് പെട്ടിയതിനെ തുടര്‍ന്ന് വെള്ളം വറ്റിച്ച് വീണ്ടും കൃഷിയിറക്കിയ കാട്ടകാമ്പാല്‍ കോള്‍പടവില്‍ കൊയ്ത്തിന് ഇനിയും ദിവസങ്ങള്‍ കഴിയേണ്ടിവരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നരണിപ്പുഴ കടുക്കുഴി കോള്‍പടവിലും ബണ്ട് പൊട്ടിയതിനാല്‍ കൃഷി വീണ്ടും ആരംഭിക്കുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് ഇവിടെയും കൊയ്ത്ത് വൈകിയത്. പൊരുമ്പാള്‍ കോള്‍പടവില്‍ കൊയ്ത്ത് ഏറെയും പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് വേനല്‍ മഴയെത്തിയത്. അവശേഷിക്കുന്ന ഭാഗങ്ങള്‍ കൊയ്‌തെടുക്കാനായി വെള്ളം വറ്റിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പല കോള്‍പടവുകളിലെയും കൊയ്‌തെടുത്ത നെല്ലുകള്‍ ചാക്കില്‍ കെട്ടി ഷീറ്റ് കൊണ്ട് മൂടിയ നിലയില്‍ റോഡരികിലും പാടത്തുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഇങ്ങനെ സൂക്ഷിച്ച നെല്ലുകള്‍ മഴയില്‍ നനയുകയും ചെയ്തിട്ടുണ്ട്. മഴയില്‍ നനഞ്ഞ നെല്ലുകള്‍ ഏജന്‍സികള്‍ സംഭരിക്കാന്‍ തയ്യാറാകാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കും.

Latest