Connect with us

Malappuram

തുള്ളി മുറിയാതെ മഴ

Published

|

Last Updated

മലപ്പുറം: വര്‍ഷകാലത്തിന്റെ പ്രതീതി നല്‍കി കനത്ത മഴ തുടരുന്നു. ബുധനാഴ്ച ആരംഭിച്ച മഴ തിരിമുറിയാതെ രണ്ടാം ദിവസവും ശക്തമായി പെയ്തു. തോരാതെ മഴ പെയ്തതോടെ കിണറുകളിലും പുഴകളിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരപ്രദേശങ്ങളിലും കനത്ത മഴയാണുണ്ടായത്. പൊന്നാനിയില്‍ ഇന്നലെ ശക്തമായ കടല്‍ ക്ഷോഭമുണ്ടായി. പൊന്നാനിയില്‍ ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടമുണ്ടാവുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ മരം വീണ് മത്സ്യ വ്യാപാരി മരിച്ചു. മലപ്പുറം ആര്‍ ടി ഓഫീസിന് മുകളില്‍ മരം വീണു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തിയാണ് മരം വെട്ടിമാറ്റിയത്. നിരവധി ഏക്കര്‍ കൃഷി വെള്ളത്തിലായിട്ടുണ്ട്.

തിരൂരില്‍ വീടുകളും കിണറും തകര്‍ന്നു
തിരൂര്‍: തിരൂരിലും പരിസരങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍. മരങ്ങള്‍ കടപുഴകിയും വൈദ്യുതിക്കാലുകള്‍ തകര്‍ന്നും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വീടുകള്‍ തകര്‍ന്നയിടങ്ങളില്‍ പലയിടത്തും വീട്ടുകാര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിണറുകളും ഇടിഞ്ഞ് താഴറ്ന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. പെരുവഴിയമ്പലം പുത്തപ്പാട്ട് കാര്‍ത്യായനിയുടെ വീടാണ് തെങ്ങ് വീണതിനെ തുടര്‍ന്ന് തകര്‍ന്നത്.
ഇവരുടെ സഹോദരി പാഞ്ചാലി, മകള്‍ രേശ്മ, ഇവരുടെ മക്കളായ അതുല്‍കൃഷ്ണ, ഹൃദ്യ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ 11.30 ഓടെയാണ് ഈ ആറുവയസ്സുകാരിയായ ഹൃദ്യ കിടക്കുന്ന റൂമിന് മുകളില്‍ തെങ്ങ് കടപുഴകി വീണത്. ഉടനെ ഒാടിയെത്തിയ വീട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പച്ചാട്ടിരി അരയാനത്ത് ശാരദയുടെ വീടും മരം വീണതിനെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ഇതിന് തൊട്ടടുത്തുണ്ടായിരുന്ന മോട്ടോറും മറ്റും കൂടെ താഴ്ന്നു പോകുകയായിരുന്നു.

---- facebook comment plugin here -----

Latest