എന്‍ ഐ ടി വിദ്യാര്‍ഥിയുടെ മരണം:അന്വേഷണ റിപ്പോര്‍ട്ട് കാണാതായി

Posted on: May 9, 2014 1:07 am | Last updated: May 9, 2014 at 1:07 am

കോഴിക്കോട്:നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ ഐ ടി) മതിലിടിഞ്ഞു വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാണാതായി. അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ എന്‍ ഐ ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടാണ് കാണാതായത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് റിപ്പോര്‍ട്ട് കാണാനില്ലെന്ന വിവരം എന്‍ ഐ ടി അധികൃതര്‍ അറിയിച്ചത്. 2014 ഫെബ്രുവരി 15നായിരുന്നു അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളി കാണുകയായിരുന്ന ആന്ധ്ര സ്വദേശി മന്നം വെങ്കിടേശ്വരലു എന്ന രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ദാരുണമായി മരിച്ചത്.
നിര്‍മാണത്തിലെ അപാകതയാണ് മതില്‍ തകരാന്‍ കാരണമായതെന്ന് അന്നുതന്നെ പരാതിയുയര്‍ന്നിരുന്നു. വിദ്യാര്‍ഥികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് എന്‍ ഐ ടി ഡയറക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്‍ജിനീയറിംഗ് വിദഗ്ധനായ ഡോ. എം ആഞ്ജനേയലുവിനായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.