എസ് ആര്‍ പിക്കെതിരായ കേസ്: പ്രതിഷേധവുമായി സി പി എം

Posted on: May 9, 2014 1:06 am | Last updated: May 9, 2014 at 1:06 am

കോഴിക്കോട്:ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍ ഡി എഫ് കുടുംബസംഗമത്തില്‍ പ്രസംഗിച്ച സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളക്കെതിരെ കേസെടുത്തതില്‍ സിപി എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
നാദാപുരം നിയോജക മണ്ഡലത്തിലെ കൈവേലിയില്‍ കുടുംബസംഗമത്തില്‍ പ്രസംഗിച്ചതിനാണ് എസ് ആര്‍ പിയുടെയും നിയോജക മണ്ഡലം സെക്രട്ടറി വി പി കുഞ്ഞികൃഷ്ണന്‍, സി പി ഐ നേതാവ് ടി കെ രാജന്‍മാസ്റ്റര്‍, നരിപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവരടക്കമുള്ളവരുടെയും പ്രവര്‍ത്തകരുടെയും പേരില്‍ കേസെടുത്തിരിക്കുന്നത്. കൈവേലിയില്‍ എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുക്കുന്നതുകൊണ്ട് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് റാലി നടത്തുന്നതിന് അനുമതി നല്‍കാമെന്ന് ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരുള്‍പ്പെടെ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ അവസാന ഘട്ടത്തില്‍ നിഷേധിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരുടെയടക്കം അനുവാദത്തോടെ കുടുംബസംഗമമാക്കി പരിപാടി മാറ്റുകയായിരുന്നു എന്നും ജില്ലാ കമ്മിറ്റി വിശദീകരിച്ചു. പി വിശ്വന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം പ്രസംഗിച്ചു.