Connect with us

Sports

സെഞ്ച്വറി ഭാഗ്യമില്ലാതെ മാക്‌സ്‌വെല്‍

Published

|

Last Updated

കട്ടക്ക്: ഗ്ലെന്‍ മാക്‌സ്‌വെലിന്റെ സെഞ്ച്വറി ഭാഗ്യക്കേട് തുടരുന്നു. ഐ പി എല്ലില്‍ രണ്ട് തവണ സെഞ്ച്വറിക്കരികെയെത്തിയ മാക്‌സ്‌വെലിന് കഴിഞ്ഞ ദിവസവും ആ ദൗര്‍ഭാഗ്യമുണ്ടായി. ചെന്നൈക്കെതിരെ 38 പന്തില്‍ 90 റണ്‍സടിച്ചാണ് മാക്‌സ്‌വെല്‍ തിളങ്ങിയത്. വെടിക്കെട്ട് ബാറ്റിംഗ് ഒരിക്കല്‍ക്കൂടി മാക്‌സ്‌വെല്‍ ബൗളര്‍മാരെ തളര്‍ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ പഞ്ചാബ് കിംഗ്‌സ് ഇലവന് 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പഞ്ചാബ് മാക്‌സ്‌വെലിന്റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മാത്രമേ നേടാനായുള്ളു.
സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 231/4
ചെന്നൈ 20 ഓവറില്‍ 187/6
സീസണിലെ ഏറ്റവും മികച്ച സ്‌കോറുമായി പഞ്ചാബ് തിളങ്ങിയപ്പോള്‍ മാക്‌സ്‌വെല്‍ ഒരിക്കല്‍ക്കൂടി 90ലെത്തി. 38 പന്തില്‍ നിന്ന് എട്ടു സിക്‌സും ആറു ഫോറും അടക്കമാണ് ഓസീസ് താരം 90 റണ്‍സ് അടിച്ചെടുത്തത്.
അഞ്ചാം ഓവറിന്റെ മൂന്നാം പന്തില്‍ മന്‍ദീപ് സിംഗ് (3) പുറത്തായതോടെ ഓസീസ് താരം ക്രീസിലെത്തി. അടുത്ത ഓവറില്‍ വിരേന്ദര്‍ സെവാഗും (23 പന്തില്‍ 30) പുറത്തായതോടെ മാക്‌സ്‌വെലിനൊപ്പം മില്ലര്‍ എത്തി. ഇരുവരും ക്രീസില്‍ തകര്‍ത്താടിയതോടെ പഞ്ചാബ് കുതിച്ചുപാഞ്ഞു. മൂന്നാം വിക്കറ്റില്‍ മാക്‌സ്‌വെല്‍-മില്ലര്‍ കൂട്ടുകെട്ട് 135 റണ്‍സ് നേടി. 32 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത മില്ലറിനെ ഡ്വെയ്ന്‍ സ്മിത്ത് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ജോര്‍ജ് ബെയ്‌ലി സ്‌കോറിംഗിന്റെ വേഗത ചോരാതെ നോക്കിയതോടെ പഞ്ചാബ് 231ലേക്ക് കുതിച്ചെത്തി. 13 പന്തില്‍ 40 റണ്‍സുമായി ബെയ്‌ലിയും ആറു പന്തില്‍ 11 റണ്‍സുമായി മിച്ചല്‍ ജോണ്‍സണും പുറത്താകാതെ നിന്നു.
25 പന്തില്‍ 52 റണ്‍സ് നേടിയ ഡു പ്ലെസിസാണ് ചെന്നൈയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 33 റണ്‍സ് നേടി മക്കല്ലവും 35 റണ്‍സ് നേടി സുരേഷ് റെയ്‌നയും പുറത്തായി. പഞ്ചാബിനു വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ രണ്ടു വിക്കറ്റ് നേടി. സന്ദീപ് ശര്‍മ, ഗ്ലന്‍ മാക്‌സ്‌വെല്‍, റിഷി ധവാന്‍ എന്നിവരും ഒരോ വിക്കറ്റ് വീതം നേടി.

Latest