Connect with us

Sports

സിറ്റിക്ക് ജയം; ഇംഗ്ലണ്ടിലെ കിരീടപ്പോരില്‍ ചെല്‍സി പുറത്ത്‌

Published

|

Last Updated

ലണ്ടന്‍: ആസ്റ്റന്‍വില്ലയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ഒരു പോയിന്റകലെ. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഹോംഗ്രൗണ്ടില്‍ വെസ്റ്റ്ഹാമിനെതിരെ സമനില മതി സിറ്റിക്ക് കിരീടമുറപ്പിക്കാന്‍. 37 മത്സരങ്ങളില്‍ 83 പോയിന്റാണ് സിറ്റിക്ക്. ഇത്രയും മത്സരങ്ങളില്‍ 81 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ കിരീടമുയര്‍ത്താം. മാഞ്ചസ്റ്റര്‍ സിറ്റിയെ വെസ്റ്റ്ഹാം അട്ടിമറിക്കുകയും ലിവര്‍പൂള്‍ ന്യൂകാസിലിനെ തോല്‍പ്പിക്കുകയും ചെയ്യണമെന്ന് മാത്രം. അതേ സമയം, 79 പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ കിരീടസാധ്യത, സിറ്റിയുടെ ജയത്തോടെ ഇല്ലാതായി.
വെസ്‌ബ്രോമിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സണ്ടര്‍ലാന്‍ഡ് തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെട്ടതും ശ്രദ്ധേയമായി. ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം നേടിയാണ് പുറത്താകലിന്റെ വക്കില്‍ നിന്ന് സണ്ടര്‍ലാന്‍ഡ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഉറുഗ്വെന്‍ കോച്ച് ഗസ് പോയറ്റിന്റെ വരവോടെയാണ് സണ്ടര്‍ലാന്‍ഡ് തിരിച്ചുവരവ് നടത്തിയത്. 2002 ഡിസംബറിന് ശേഷം ആദ്യമായാണ് സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ തുടരെ നാല് മത്സരം ജയിക്കുന്നത്.
തകര്‍പ്പന്‍ ജയത്തോടെ, കിരീടത്തോടടുത്ത മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ അഭിനന്ദിച്ചു. അത്ഭതം സംഭവിച്ചാല്‍ മാത്രമേ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് കിരീടം നഷ്ടമാകൂ. മാനുവല്‍ പെല്ലെഗ്രിനിയുടെ ടീം കിരീടം അര്‍ഹിക്കുന്നു- വെംഗര്‍ പറഞ്ഞു. ലീഗിലെ ഗോളുകളുടെ എണ്ണം നൂറിലെത്തിച്ചാണ് സിറ്റി ജയം അവിസ്മരണീയമാക്കിയത്. ബോസ്‌നിയ സ്‌ട്രൈക്കര്‍ എദിന്‍ സെക്കോ ഇരട്ടഗോളുകള്‍ നേടി. 64,72 മിനുട്ടുകളിലായിരുന്നു സെക്കോയുടെ ഗോള്‍. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ജോവെറ്റിച്ചും ഇഞ്ചുറിടൈമില്‍ യായ ടുറെയും സിറ്റിയുടെ ജയം ഗംഭീരമാക്കി. യായ ടുറെയുടെ സോളോ ഗോള്‍ വിസ്മയമായി. സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി കുതിച്ച ടുറെ മൂന്ന് പേരെ പിറകിലാക്കി, നാല് പേര്‍ നിരന്ന പ്രതിരോധത്തെ കബളിപ്പിച്ച് വല കുലുക്കി. യായയുടെ പവര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗോളിനെ പ്രശംസിച്ച് കോച്ച് പെല്ലെഗ്രിനി പറഞ്ഞു.
കഴിഞ്ഞാഴ്ചകളില്‍ ലിവര്‍പൂളിനും ചെല്‍സിക്കും കാലിടറിയപ്പോള്‍ കിരീടപ്പോരില്‍ സിറ്റി പിടിമുറുക്കിയത് തുടരെ നാല് ജയം നേടിയാണ്. ആസ്റ്റന്‍വില്ലക്കെതിരെ ആദ്യ പകുതിയില്‍ സിറ്റി ഗോളടിക്കാനാകാതെ വലഞ്ഞപ്പോള്‍ ലിവര്‍പൂളിന് പ്രതീക്ഷ കൈവന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ അസാധ്യ മികവിലേക്കുയര്‍ന്ന സിറ്റി നൂറ് ലീഗ് ഗോളുകള്‍ പൂര്‍ത്തിയാക്കി. ഒരൊറ്റ സീസണില്‍ ചെല്‍സി സ്ഥാപിച്ച 103 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സിറ്റിക്ക് അവസരവും സാധ്യതയുമുണ്ട്. ജയം അനിവാര്യമായതിനാല്‍, പന്ത്രണ്ടാംസ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെതിരെ വലിയൊരു ജയം തന്നെയാകും സിറ്റി ലക്ഷ്യമിടുക.