Connect with us

Kerala

സംസ്ഥാന വാണിജ്യ നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് ഇടിവ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വാണിജ്യ നികുതി വരുമാനത്തിലെ ഇടിവ് സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട തുകയേക്കാള്‍ 89 ശതമാനം മാത്രമാണ് പിരിച്ചെടുക്കാനായത്. ലക്ഷ്യതുകയുടെ 3,112 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാണിജ്യ നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച തുക മുഴുവനായി പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചരിത്രത്തിലാദ്യമായാണ് നികുതി വരുമാനത്തില്‍ ഇത്രമേല്‍ കുറവ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാറിന്റെ മോശമായ സാമ്പത്തിക സ്ഥിതിയുടെ കാരണം വ്യക്തമാക്കിക്കൊണ്ടാണ് ഈ സാമ്പത്തിക വര്‍ഷത്തെ വാണിജ്യ നികുതി വരുമാനത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്ന് തവണ നികുതി വരുമാനം ലക്ഷ്യതുക കൈവരിക്കുകയും ഒരു ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ നിലവില്‍ വന്ന് ആദ്യ രണ്ട് വര്‍ഷവും നികുതി വരുമാനം ലക്ഷ്യതുക കൈവരിക്കാനായില്ലെങ്കിലും 90 ശതമാനത്തിലേറെ പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് ലക്ഷ്യതുകയേക്കാള്‍ ശരാശരി ആയിരം കോടിയില്‍ താഴെയായിരുന്നു കുറവ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5,82 കോടിയായിരുന്നു. എന്നാല്‍ ഇത്തവണ നികുതി വകുപ്പിന്റെയും ടാക്‌സസ് കമ്മീഷനറേറ്റിന്റെയും കെടുകാര്യസ്ഥതയും അലംഭാവവും വ്യക്തമാക്കുന്നതാണ് 3,000ത്തിലധികം കോടിയുടെ കുറവ്.
നികുതി വളര്‍ച്ചാ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 2012-2013 സാമ്പത്തിക വാര്‍ഷാവസാനം 17 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമെത്തിയപ്പോള്‍ 10 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 4.5 ശതമാനം വര്‍ധനയുള്‍പ്പെട 21.5 ശതമാനം ലക്ഷ്യമിട്ട വളര്‍ച്ചാ നിരക്കാണ് 10 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. സംസ്ഥാന ബജറ്റ് നിര്‍ദേശത്തിലൂടെയുള്ള നികുതി വര്‍ധന, നികുതി പിരിവ് കാര്യക്ഷമമാക്കല്‍ നടപടികളിലൂടെയാണ് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധനകാര്യ വകുപ്പിന്റെ സര്‍വ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ടാണ് നികുതി വരുമാനത്തില്‍ വന്‍ തിരിച്ചടിയേറ്റിരിക്കുന്നത്. റബ്ബറിനൊഴികെ മറ്റൊന്നിനും കാര്യമായി വിലക്കുറവുണ്ടായിട്ടില്ലാത്ത വര്‍ഷത്തിലാണ് നികുതി വരുമാനം ഇത്രയധികം കുറഞ്ഞതെന്നത് ധനകാര്യ വകുപ്പിനെയും സര്‍ക്കാറിനെയും ഞെട്ടിച്ചിരിക്കുകയാണ്.
നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ ഉണ്ടായ ക്രമാതീതമായ വില വര്‍ധനയും സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ടെക്‌സ്റ്റെയില്‍, സ്വര്‍ണ മേഖലകളിലുണ്ടായ വികാസവും പെട്രോളിയം ഉത്പന്നങ്ങളുടെ ഗണ്യമായ വില വര്‍ധനയൊന്നും സംസ്ഥാന നികുതി വരുമാനത്തെ സ്വാധീനിച്ചില്ലെന്ന് വേണം കരുതാന്‍. ഇത്രയധികം അനുകൂല ഘടകങ്ങളുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2,484 കോടി രൂപ മാത്രമാണ് കൂടുതല്‍ പിരിച്ചെടുക്കാനായത്. ഇത് വാണിജ്യ നികുതി വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
നിലവിലെ അനുകൂല സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട നികുതി വരുമാനത്തിന്റെ പകുതിയോളമേ സര്‍ക്കാര്‍ ഖജനാവിലെത്തിയിട്ടുള്ളൂവെന്നാണ് യാഥാര്‍ഥ്യം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവില്‍ അനുഭവപ്പെട്ട കുറവാണ് നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. 2012-2014 വര്‍ഷത്തെ പിരിവിനെ അപേക്ഷിച്ച് ചെറിയ വര്‍ധന മാത്രമാണ് ഈ വര്‍ഷം ഓരോ ജില്ലയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എറണാകുളം ജില്ലയില്‍ 1039.90 കോടിയും തിരുവനന്തപുരത്ത് 600.48 കോടിയും കഴിച്ചാല്‍ മറ്റു ജില്ലകളിലെല്ലാം 75 കോടിയില്‍ താഴെയാണ് വര്‍ധന. സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട നികുതി വരുമാനം യഥാസമയം ഖജനാവിലേക്കെത്തിക്കുന്നതില്‍ വാണിജ്യ വകുപ്പ് പരാജയപ്പെടുകയാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു. ഇത് ശരിയായിരുന്നുവെന്നാണ് നികുതി വരുമാനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. വന്‍കിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നികുതി നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും സര്‍ക്കാറും ടാക്‌സ് കമ്മീഷണറേറ്റും നടത്തിവന്ന കൈകടത്തലും ഇടപെടലുകളും ഒരു വിഭാഗം വ്യാപാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുകയും അതുവഴി വന്‍ തോതില്‍ നികുതി ചോര്‍ച്ചക്കിടയാക്കുകയും ചെയ്‌തെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാണിജ്യ നികുതി വകുപ്പിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകും. രാഷ്ട്രീയ ഇടപെടലുകളും അഴിമതിക്കാരായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്വാധീനവും വകുപ്പില്‍ ഏറെ പ്രകടമാണ്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest