Connect with us

International

തട്ടിക്കൊണ്ടു പോകല്‍: ഭീകര പ്രവര്‍ത്തനങ്ങളുടെ അന്ത്യം കുറിക്കും- നൈജീരിയന്‍ പ്രസിഡന്റ്

Published

|

Last Updated

അബുജ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയ സംഭവം ബോകോ ഹറാമിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വഴിത്തിരിവാണെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍. നൈജീരിയയില്‍ തീവ്രവാദം അവസാനിപ്പിക്കാനുള്ള തുടക്കമാകും ഈ സംഭവമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത ചൈന, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.
ബോര്‍ണോ പ്രവിശ്യയയിലെ ചിബോക് നഗരത്തില്‍ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മാസം 14ന് രാത്രിയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മൂന്ന് ദിവസം മുമ്പ് പതിനൊന്ന് പെണ്‍കുട്ടികളെ കൂടി തട്ടിക്കൊണ്ടുപോയിരുന്നു. മൊത്തം 200 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അതിനിടെ, ബുധനാഴ്ച കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന ഗംബോരുന്‍ഗ്ല പ്രദേശത്ത് മുന്നൂറോളം ഗ്രാമീണരെ ബോകോ ഹറാം കൊന്നതായി റിപ്പോര്‍ട്ടുണ്ട്.
അബൂജയില്‍ സംഘടിപ്പിച്ച വേള്‍ഡ് ഇക്കണോമിക് ഫോറം ഫോര്‍ ആഫ്രിക്ക എന്ന പരിപാടിയിലാണ് ജോനാഥന്‍ തീവ്രവാദവിരുദ്ധ പോരാട്ടം പ്രഖ്യാപിച്ചത്. ലോകശക്തികളുടെ സാന്നിധ്യം തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടിയാകും. തിരച്ചിലില്‍ സഹായിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും സൈനികരടക്കമുള്ള സംഘത്തെ അയിച്ചിട്ടുമുണ്ട്.
നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ ബോര്‍ണോയില്‍ 2009ലാണ് ബോകോ ഹറാം പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വര്‍ഷം മാത്രം ബോകോ ഹറാം നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.