മലയാളി യുവതിക്ക് യു എസില്‍ നിന്ന് വരന്‍

Posted on: May 9, 2014 12:39 am | Last updated: May 9, 2014 at 12:39 am

alp photo (marriage)മാന്നാര്‍/ആലപ്പുഴ: മലയാളി യുവതിയെ മംഗല്യം കഴിക്കാന്‍ കടല്‍ കടന്ന് വരനെത്തി. അമേരിക്കയിലെ വാഷിംഗ്ടണ്‍ വെര്‍ജീനിയ സ്ട്രീറ്റില്‍ വില്യം ആന്‍ഡ്രൂസിന്റെയും കാഥറൈന്‍ മാരി പാര്‍ക്‌സിന്റെയും മകന്‍ ഗറി വില്യം പാര്‍ക്ക്‌സാണ് ബുധനൂര്‍ കടമ്പൂര്‍ തൂമ്പല്‍ മുരളീരാജന്റെയും ലതാരാജന്റെയു മകളായ സ്വേദയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്.
മലയാളത്തനിമയോടെ അമേരിക്കന്‍ വധു മുണ്ടും ഷര്‍ട്ടും ധരിച്ച് കതിര്‍മണ്ഡപത്തിലെത്തി. ദക്ഷിണകള്‍ക്ക് ശേഷം പൂജാരിയെടുത്ത് നല്‍കിയ താലി ചാര്‍ത്തി, വധുവിന്റെ കരം പിടിച്ച് കതിര്‍മണ്ഡപത്തിന് വലം വച്ചതോടെ വിവാഹ ചടങ്ങുകള്‍ സമാപിച്ചു.മാന്നാര്‍ മഹരാജ പാലസില്‍ പ്രത്യേകം തയ്യാറാക്കിയ കതിര്‍മണ്ഡപത്തിലായിരുന്നു വിവാഹം.
അമേരിക്കയില്‍ നിന്ന് വരന്റെ അടുത്ത സുഹൃത്തുക്കളായ ഒമ്പത് പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വാഷിംഗ്ടണിലെ മര്‍ക്കസ് മള്‍ട്ടിനാഷനല്‍ കമ്പനിയിലെ മാനേജരാണ് വരന്‍.
വധു സ്വേദാ ഇതേ കമ്പനിയില്‍ തന്നെ അക്കൗണ്ടന്റായി കഴിഞ്ഞ ഏഴ് വര്‍ഷമായി സേവനമനുഷ്ഠിച്ച് വരികയാണ്. ഇവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. വധുവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് ഇവിടെ വച്ച് വിവാഹചടങ്ങുകള്‍ നടത്തിയത്.