Connect with us

Kerala

ചവറ ഐ ആര്‍ ഇക്ക് സ്ഥലം വിട്ടുകൊടുത്തവരുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍

Published

|

Last Updated

കൊല്ലം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഐ ആര്‍ ഇ കമ്പനിക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളുടെ പുനരധിവാസം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായില്ല. ചവറ കരിത്തുറയിലെ അമ്പത് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. 1992 ജനുവരി 29നാണ് ആലപ്പാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ആര്‍ ഇ സ്ഥലമെടുപ്പ് നടത്തിയത്.
1994 ഏപ്രില്‍ അഞ്ചിന് 305ാം നമ്പറായി പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പ്രകാരമാണ് ഐ ആര്‍ ഇക്ക് സ്ഥലം നല്‍കുന്നതിന് നടപടികള്‍ തുടങ്ങിയത്. ഇതനുസരിച്ച് 1994 മെയ് 28ന് സര്‍ക്കാറും ഐ ആര്‍ ഇ മാനേജ്‌മെന്റും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഐ ആര്‍ ഇക്ക് സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങളിലെ ഒരാള്‍ക്ക് സ്ഥാപനത്തില്‍ തൊഴിലും പുനരധിവാസവും ഉറപ്പാക്കിയിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ നടപ്പാക്കാന്‍ ഐ ആര്‍ ഇ തയ്യാറായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 20 വര്‍ഷക്കാലം നീതിക്ക് വേണ്ടി എല്ലാ വാതിലുകളും മുട്ടിയിട്ടും ഫലമുണ്ടായില്ല. പുനരധിവാസത്തിന്റെ കാര്യത്തിലും തൊഴില്‍ നല്‍കുന്നതിലും കുടിയൊഴിപ്പിക്കപ്പെട്ടവരെ പരിഗണിക്കാതെ അപമാനിക്കുകയാണ് ഐ ആര്‍ ഇ ചെയ്തതെന്ന് ആരോപിച്ച് കുടുംബങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. കരിത്തുറയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാരാണ്. സംവരണം ഉണ്ടായിട്ടും ഇവരില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ നല്‍കാന്‍ 20 വര്‍ഷമായിട്ടും ഐ ആര്‍ ഇ തയ്യാറായിട്ടില്ല.
കരിത്തുറയിലെ 1.23 ഹെക്ടര്‍ സ്ഥലമാണ് ഐ ആര്‍ ഇക്ക് വേണ്ടി വിട്ടുകൊടുത്തത്. ഒരു സെന്റിന് 7,844 രൂപ തോതില്‍ നല്‍കിയാണ് ഐ ആര്‍ ഇ സ്ഥലം ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ട 53 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഐ ആര്‍ ഇയിലെ തൊഴിലിന് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നതാണ് കുടുംബങ്ങളുടെ പ്രധാന ആവശ്യം.
ഐ ആര്‍ ഇയുടെ പുനരധിവാസ പാക്കേജ് ലിസ്റ്റ് എത്രയും വേഗം തയ്യാറാക്കി യുക്തമായ നടപടി സ്വീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. തൊഴിലും പുനരധിവാസവും നല്‍കുന്നതുവരെ ഈ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിനുള്ള പ്രതിവര്‍ഷ പോളിസി ഐ ആര്‍ ഇ അടക്കണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനും ഐ ആര്‍ ഇ തയ്യാറായിട്ടില്ല.
സ്ഥിരം തൊഴില്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കരാറടിസ്ഥാനത്തിലെങ്കിലും തൊഴില്‍ നല്‍കാന്‍ തയ്യാറാകണമെന്നതാണ് ഇവരുടെ ആവശ്യം. തൊഴിലും പുനരധിവാസവും നടപ്പാക്കാന്‍ ഐ ആര്‍ ഇ ഇനിയും കാലതാമസമെടുക്കുകയാണെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ ഭാഗമായി ലേബര്‍ കമ്മീഷണര്‍ക്കും അസി. ലേബര്‍ കമ്മീഷണര്‍ക്കും റവന്യൂ വകുപ്പിനും പരാതി നല്‍കും. എന്നിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ തീരുമാനം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ തൊഴിലും പുനരധിവാസവും നടപ്പാക്കാതെ കരിത്തുറയില്‍ വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള നീക്കമാണ് ഐ ആര്‍ ഇ നടത്തിവരുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.