മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്തിയാല്‍ വനഭൂമി മുങ്ങും

Posted on: May 9, 2014 12:19 am | Last updated: May 9, 2014 at 12:19 am

mullapperiyarതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ സുരക്ഷാ പ്രശ്‌നത്തിനൊപ്പം കേരളത്തിന് വേറെയും നഷ്ടങ്ങള്‍. അണക്കെട്ട് നേരിടുന്ന സുരക്ഷാ ഭീഷണി മുപ്പത് ലക്ഷം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതിനൊപ്പം ജലനിരപ്പ് ഉയര്‍ത്തുന്നത് നിരവധി പേരുടെ കിടപ്പാടം നഷ്ടപ്പെടുത്തും. നിത്യഹരിത വനം ഉള്‍പ്പെടെ ആറ് ചതുരശ്ര കിലോമീറ്ററോളം വരുന്ന വനപ്രദേശം വെള്ളത്തില്‍ മുങ്ങും. മാത്രമല്ല, മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള ജലനിരപ്പ് നിലക്കുകയും ചെയ്യും. പ്രധാന അണക്കെട്ടിനൊപ്പം ബേബി ഡാമും കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങാനും ജലനിരപ്പ് ഉയര്‍ത്തുന്നത് വഴിവെക്കും.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള പന്ത്രണ്ട് സ്പില്‍വേകള്‍ വഴി അധിക ജലം നിലവില്‍ ഇടുക്കി ഡാമിലേക്ക് ഒഴുകുകയാണ്. സ്പില്‍വേയില്‍ അടിഞ്ഞു കൂടുന്ന മണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്ത് വെള്ളം ഒഴുകാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇനി ജലനിരപ്പ് ഉയര്‍ത്താന്‍ സ്പില്‍വേകളുടെ ഷട്ടറുകളും താഴ്ത്താന്‍ തമിഴ്‌നാട് മുതിരും. വെള്ളം പൂര്‍ണമായി സംഭരിച്ച് തമിഴ്‌നാടിന് ഒഴുക്കി കൊണ്ടുപോകാനും കഴിയും.
ജലനിരപ്പ് 136 അടിക്ക് മുകളിലെത്തുന്നതോടെ വൃഷ്ടിപ്രദേശത്തെ വനമേഖലയും കുമളിയുടെ ചില ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങും. 142 അടിയിലെത്തിയാല്‍ ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ വനമേഖല വെള്ളത്തിലാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഒന്നര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിത്യഹരിത വനമേഖലയാണ്. രണ്ടര ചതുരശ്ര കിലോമീറ്ററോളം അര്‍ധഹരിത വനം വരും. 2.13 ചതുരശ്ര കിലോമീറ്റര്‍ ചതുപ്പും വെള്ളത്തില്‍ മുങ്ങും. പെരിയാര്‍ കോളനി, തേക്കടി, റോസാപൂക്കണ്ടം, കുളത്തൂപാലം, മണ്ണാന്‍കുടി, പെരിയാര്‍ കോളനി, ലബ്ബക്കണ്ടം, ആനവച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലാകും. നാലായിരത്തോളം പേര്‍ ഈ മേഖലകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
തേക്കടി വന്യജീവി സംരക്ഷണ മേഖലയെയും ടൂറിസം മേഖലയെയുമെല്ലാം ഇത് ബാധിക്കും. കുമളി ടൗണിന്റെ ചില ഭാഗങ്ങള്‍ തന്നെ വെള്ളത്തിനടിയിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന ആവശ്യം കേരളം നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കെയാണ് ഇടിത്തീ പോലെ 136ല്‍ നിന്ന് 142 അടിയാക്കാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത്.
വെള്ളത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്താന്‍ മുതിരുമെന്നുറപ്പാണ്. അല്ലെങ്കില്‍ നെയ്യാര്‍ ഉള്‍പ്പെടെ മറ്റു തര്‍ക്കമേഖലകളില്‍ കേരളം വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ജലനിരപ്പ് 142 അടിയാക്കിയാല്‍ തമിഴ്‌നാടിന് അധികമായി ലഭിക്കുന്നത് 150 കോടി ഘനയടി വെള്ളമാണ്. മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് ഇപ്പോള്‍ വൈദ്യുതോത്പാദനവും നടത്തുന്നതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തന്നെയാകും തമിഴ്‌നാടിന്റെ നീക്കം.