അഴിമതിക്കാര്‍ക്ക് പരിരക്ഷയെന്തിന്?

Posted on: May 9, 2014 6:00 am | Last updated: May 8, 2014 at 10:09 pm

അഴിമതിക്കെതിരായ നീതിപീഠങ്ങളുടെ പോരാട്ടങ്ങളില്‍ നിര്‍ണായകമായ ചുവടുവെപ്പാണ് ഉന്നതോദ്യോഗസ്ഥരെ അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥയെ അസാധുവാക്കുന്ന സുപ്രീംകോടതി വിധി. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ (ഡി എസ് പി ഇ എ) വകുപ്പ്- 6 എയിലാണ്, ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരെ അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയുള്ളത്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കണമെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണിതെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനും എ കെ പട്‌നായിക്, എസ് കെ മുഖോപാധ്യായ, ദീപക് മിശ്ര, ഇബ്‌റാഹീം ഖലീഫുല്ല എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അഴിമതികേസുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി ബി ഐക്ക് സര്‍ക്കാരുകളുടെ അനുമതി വേണ്ടെന്ന് കല്‍ക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ 2013 ഡിസംബര്‍ 17ന് കോടതി വിധിച്ചിരുന്നു. പുതിയ ഉത്തരവോടെ കോടതിയുടെ നിയന്ത്രണത്തിലല്ലാത്ത കേസുകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുമതിക്ക് കാത്തുനില്‍ക്കാതെ വിചാരണ ചെയ്യാന്‍ സി ബി ഐക്ക് അവസരമൊരുക്കുകയും അന്വേഷണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും.
രാജ്യത്തിന്റെ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അനാവശ്യമായ അന്വേഷണം നടത്തുന്നത് ഉദ്യോഗസ്ഥരെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായം. കോടതി അത് നിരാകരിക്കുകയാണുണ്ടായത്. ഉന്നതോദ്യോഗസ്ഥര്‍ക്ക് ഭരണഘടനയിലെ 14-ാം അനുച്ഛേദത്തിലാണ് പ്രത്യേക പരിരക്ഷ നല്‍കന്നത്. ഇതടിസ്ഥാനത്തിലാണ് സി ബി ഐക്കും മറ്റും ഇവരെ ചോദ്യം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തത്. ഫലത്തില്‍ ഇത് അന്വേഷണങ്ങളെ പരോക്ഷമായി തടസ്സപ്പെടുത്തലും അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കലുമാണ്.
രാജ്യത്തിന്റെ ശാപമായി മാറിയിരിക്കയാണ് അഴിമതി. ഇതില്‍ ഉന്നതരെന്നോ താഴേത്തട്ടിലുള്ളവരെന്നോ വ്യത്യാസമില്ല. പൊതുസേവന മേഖലയില്‍ അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍, ഏതു റാങ്കിലുള്ളവരായാലും രാജ്യത്തിന് വരുത്തി വെക്കുന്ന നഷ്ടത്തിലും കളങ്കത്തിലും വ്യത്യാസമില്ല. കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നിയമത്തില്‍ ഉദ്യോഗസ്ഥരെ റാങ്കുകള്‍ക്കനുസരിച്ച് തരംതിരിക്കുന്നത് നീതിക്ക് നിരക്കാത്തതാണ്. സ്വകാര്യ നേട്ടത്തിനായി പൊതുവിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത ഉന്നത ഉദ്യോഗതലങ്ങളിലും വ്യാപമായി ക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയും പരിരക്ഷയും നല്‍കുന്നത് ന്യായീകരിക്കാനാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്.
അഴിമതി തുടച്ചുനീക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ചു ആണയിടാറുണ്ട്. ഇതിനായി ലോക്പാല്‍ ഉള്‍പ്പെടെ ഒട്ടേറെ നിയമനിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള തടസ്സമോ, നിയമപരമായ വിലക്കുകളോ ഇല്ലാതെആരോപണ വിധേയരാവയവരെ ചോദ്യം ചെയ്യാനുള്ള അധികാരവും അനുമതിയും അന്വേഷണോദ്യോഗസ്ഥര്‍ക്കുണ്ടെങ്കിലേ അഴിമതി തുടച്ചു നീക്കാനാകൂ. ഉന്നത തലങ്ങളിലുള്ളവരാകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് കല്‍ക്കരി കുംഭകോണം കേസില്‍ ഉള്‍പ്പെടെ പ്രകടമായതാണ്. ഈ വ്യവസ്ഥയുടെ പിന്‍ബലത്തില്‍ സര്‍ക്കാറില്‍ സ്വാധീനം ചെലുത്തി നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. ഇത് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും.