അപകടത്തില്‍പെട്ട യുവാവിനെ കണ്ടെത്തിയില്ല; ദുരൂഹത ഏറുന്നു

Posted on: May 9, 2014 12:01 am | Last updated: May 8, 2014 at 9:01 pm

കുമ്പള: കുക്കാര്‍ പാലത്തിന് സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരനെ ഇതുവരെ കണ്ടെത്താനായില്ല. റോഡില്‍ മറിഞ്ഞുകിടന്ന കര്‍ണാടക രജിസ്‌ട്രേഷനുള്ള ഡിസ്‌കവര്‍ ബൈക്കും പൊട്ടിയ ഹെല്‍മറ്റും കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അപകടത്തില്‍പ്പെട്ടയാളെ കണ്ടെത്താന്‍ കഴിയാത്തത് സംഭവത്തില്‍ ദുരൂഹത ഏറിവരികയാണ്. കേരളത്തിലേയും കര്‍ണാടകയിലേയും മിക്ക ആശുപത്രികളിലും അന്വേഷിച്ചെങ്കിലും വാഹനാപകട കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം 11 മണിയോടെയാണ് റോഡില്‍ ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. ബസ് യാത്രക്കാര്‍ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് ഓടിച്ചെല്ലുമ്പോഴേക്കും വീണുകിടന്നയാളെ കാണാനില്ലായിരുന്നു. അതുവഴി കാറില്‍ പോയവര്‍ ആശുപത്രിയിലെത്തിച്ചിരിക്കാമെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ ആശുപത്രിയില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്തതാണ് ദുരൂഹതയുണ്ടാക്കുന്നത്.
വാഹനം ഇടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയുള്ളതിനാല്‍ ആ വഴിക്കും അന്വേഷിച്ചുവരികയാണ്.