Connect with us

Kasargod

ദുരിതം വിതച്ച് വേനല്‍മഴ; റോഡുകള്‍ ചെളിക്കുളമായി

Published

|

Last Updated

കാസര്‍കോട്: ശക്തമായ വേനല്‍മഴ പല താഴ്ന്നയിടങ്ങളേയും വെള്ളത്തിലാക്കി. കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന മഴയ്ക്ക് അകമ്പടിയായെത്തിയ ഇടിയും മിന്നലും കാറ്റും മലയോരമേഖലകളിലുള്‍പ്പടെ അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധവും താറുമാറാവുകയും ചെയ്തു. കുറ്റിക്കോല്‍, കാനത്തൂര്‍, പാണത്തൂര്‍, മല്ലം, കുമ്പള തുടങ്ങിയ ഭാഗങ്ങളിലാണ് കാറ്റിലും മഴയിലും മിന്നലിലും അപകടങ്ങളുണ്ടായത്.
ശക്തമായ മഴയില്‍ കെ എസ് ടി പി റോഡ് വികസനവും ജനങ്ങളെ ദുരിതത്തിലാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന മഴയത്ത് ചന്ദ്രഗിരി റൂട്ടില്‍ പലയിടത്തും വെള്ളം കെട്ടിനിന്ന് ജനങ്ങള്‍ക്ക് കാല്‍നടയാത്രപോലും സാധ്യമാകാത്ത തരത്തില്‍ ദുരിതമായമാക്കിയിരിക്കുകയാണ്.
ഈ റൂട്ടില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന ഓവുചാല്‍ മണ്ണിട്ടു മൂടിയതിനാല്‍ കട്ടക്കാല്‍ ഇറക്കം മുതലുള്ള ഭാഗങ്ങളില്‍നിന്ന് മഴവെള്ളം കുത്തിയൊഴുകി റോഡ് ചെളിക്കുളമായിരിക്കുകയാണ്. മാത്രമല്ല, മളവെള്ളം കുത്തിയൊലിച്ച് തൊട്ടടുത്ത ഹസന്റെ വീടിന്റെ മതില്‍ തകരുകയും കിണര്‍ മണ്ണ് വീണ് മുടുകയും ചെയ്തു.
മേല്‍പ്പറമ്പ് മുതല്‍ ഉദുമവരെ റോഡുപണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം ചെളിക്കുളമായി കിടക്കുകയണ്. കാല്‍നടയാത്ര പോലും ദുസ്സഹമായ ഇതുവഴി ഇരുചക്ര വാഹനങ്ങളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. നേരത്തേ വെള്ളം ഒഴുകി കൊണ്ടിരുന്ന ഓവുചാല്‍ റോഡ് നിര്‍മാണത്തിനു വേണ്ടി മണ്ണിട്ടു മൂടിയതിനാലും പകരം വെള്ളം ഒഴുകി പോകാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെള്ളം കുത്തിയൊഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മേല്‍പ്പറമ്പ് മുതല്‍ ഒന്നര കിലോ മീറ്റര്‍ വരെയുള്ള മഴ വെള്ളമാണ് കട്ടക്കാല്‍ ഇറക്കത്തിലുടെ കുത്തിയൊഴുകിയത്. ഹസന്റെ മതില്‍ തകര്‍ത്ത് ഒഴുകിയ വെള്ളം ഇദ്ദേഹത്തിന്റെ വീട്ടുകിണറ്റിലാണ് പതിച്ചത്. കിണര്‍ ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗ ശൂന്യമായി മാറി.
കിണറ്റിലുണ്ടായിരുന്ന കുടിവെള്ളമെടുക്കുന്ന രണ്ടു മോട്ടോറും നശിച്ചു.
റോഡു പണി പതിവഴിയില്‍ നിര്‍ത്തിയത് മഴ വന്നപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ദ്രോഹകരമായി മാറി.