പടന്നക്കാട് കാര്‍ഷിക കോളജിലെ പി ജി കോഴ്‌സ് മാറ്റരുത്: എം പി

Posted on: May 9, 2014 12:41 am | Last updated: May 8, 2014 at 8:42 pm

കാസര്‍കോട്: മലബാറിലെ ഏക കാര്‍ഷിക കോളജായ പടന്നക്കാട് കാര്‍ഷിക കോളജിലെ പിജി കോഴ്‌സ് നര്‍ത്തലാക്കാനുള്ള സര്‍വകലാശാല നീക്കം ഉപേക്ഷിക്കണമെന്ന് പി കരുണാകരന്‍ എം പി ആവശ്യപ്പെട്ടു. പിജി ബ്ലോക്കിനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുമ്പോഴാണ് കോഴ്‌സ്തന്നെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നത്.
ഡിഗ്രി കോഴ്‌സ് തുടങ്ങി നിരവധി മുറവിളിക്ക് ശേഷം 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് വിഷയങ്ങളില്‍ പിജി കോഴ്‌സ് ആരംഭിച്ചത്. ആവശ്യത്തിന് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാതെ കോളജുതന്നെ ഇവിടെനിന്ന് മാറ്റാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ട്. പിജി കോഴ്‌സിന് അധ്യാപകരില്ലാത്തതിനാലാണ് അവസാന സെമസ്റ്ററുകള്‍ മറ്റ് കോളജുകളിലേക്ക് മാറ്റുന്നത്. അത് കോഴ്‌സുകള്‍ പിന്‍വലിക്കുന്നതിലേക്ക് നീങ്ങുന്നത് അംഗീകരിക്കാന്‍ പറ്റില്ല.
പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഉണ്ടായിട്ടും അധികൃതരുടെ അനാസ്ഥമൂലം കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നില്ല.
അതിന് പരിഹാരമായി തുടങ്ങിയ കോഴ്‌സുകള്‍ മാറ്റുന്നതിനുള്ള നീക്കം ജനങ്ങളോടും ജില്ലയോടും കാണിക്കുന്ന വഞ്ചനയാണ്. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിച്ച് അധ്യാപകരെയും നിയമിച്ച് കോളജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് വൈസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പി കരുണാകരന്‍ എം പി പറഞ്ഞു.