Connect with us

Malappuram

പരാധീനതകളില്‍ വീര്‍പ്പ് മുട്ടി എടവണ്ണപ്പാറ ഗവ. ഹൈസ്‌കൂള്‍

Published

|

Last Updated

എടവണ്ണപ്പാറ: നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്ന ഹൈസ്‌കൂള്‍ എന്ന ആവശ്യം സാക്ഷാത്കരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എടവണ്ണപ്പാറ ഗവ.ഹൈസ്‌കൂള്‍ പരാധീനതകളില്‍ വീര്‍പ്പ് മുട്ടുന്നു.
യു പി സ്‌കൂളിലും ഹൈസ്‌കൂളിലുമായി 1300 വിദ്യാര്‍ഥികളും 38 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. പുതിയ അധ്യായന വര്‍ഷം പരാധീനതകളെ അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും. അധ്യാപക നിയമനത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നാട്ടുകാരുടെ സഹായം തേടാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആര്‍ എം എസ് എ പ്രകാരം എടവണ്ണപ്പാറ യു പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തി. മലയാളം മീഡിയം എട്ടാം ക്ലാസോടെ തുടങ്ങിയ ഹൈസ്‌കൂളില്‍ ഈ വര്‍ഷം ഒന്‍പതാം ക്ലാസ് ആരംഭിക്കും. അധ്യാപക കുറവ് ഹൈസ്‌കൂള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കുട്ടികളുടെ അനുപാതമനുസരിച്ച് എത്ര അധ്യാപകര്‍ വേണമന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു. യു പി സ്‌കൂള്‍ അധ്യാപകരില്‍ യോഗ്യരായ അധ്യാപകര്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അധ്യായന ക്ഷാമം ഏറെ പരിഹരിച്ചതായി പി ടി എ പ്രസിഡന്റ് സക്കറിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു അധ്യാപകനെ മാത്രമെ പുറത്ത് നിന്ന് നിയമിക്കേണ്ടതായി വന്നുള്ളു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സ്‌കൂള്‍ കെട്ടിടത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മുഖേന പുതിയ കെട്ടിടത്തിന് ആര്‍ എം എസ് എ ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
നിലവില്‍ എടവണ്ണപ്പാറ ഗവ. ഹൈസ്‌കൂളിന് സ്വന്തമായി ഗ്രൗണ്ടില്ല. തൊട്ടടുത്തുള്ള സ്ഥലത്ത് ഗ്രൗണ്ട് തുടങ്ങുവാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണത്തിന് നടപടികള്‍ നടന്നു വരുന്നുണ്ട്. ആവശ്യത്തിനുള്ള ഡെസ്‌ക്കും ബെഞ്ചും കുറവുള്ളതായി അധ്യാപകര്‍ പറഞ്ഞു. 12 ഓളം ഡെസ്‌ക്കും ബെഞ്ചും ജില്ലാ പഞ്ചായത്തില്‍ നിന്ന് ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.
വേനല്‍ കാലത്തെ അതി ഉഷ്ണത്തിന് പരിഹാരം കാണാന്‍ ക്ലാസുകളില്‍ ഫാന്‍ ഫിറ്റ് ചെയ്തിട്ടുണ്ട്. ഉഷ്ണ പരിഹാരത്തിന് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഷീറ്റ് മേയാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് ഫണ്ട് പാസായി. പുതുതായി നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായം സ്‌കൂള്‍ വികസന സമിതിയും പി ടി എയും ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
കമ്പ്യൂട്ടര്‍ ലാബ് നിര്‍മാണത്തിന് സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് നല്‍കാമെന്നേറ്റിട്ടുണ്ട്. സ്‌കൂള്‍ മുറ്റത്ത് മഴക്കാലങ്ങളില്‍ ചെളികെട്ടി നില്‍ക്കുന്നത് വിള്ളലുള്ള കുട്ടികളുടെ പാദങ്ങളില്‍ രോഗവര്‍ധനയുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.