മഴ തിമിര്‍ത്തതോടെ തിരൂരില്‍ മാലിന്യ പ്രളയം

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:41 pm

തിരൂര്‍: ഇന്നലെ പെയ്ത അതിശക്തമായ മഴ തിരൂരിനെ വെളത്തിലാഴ്ത്തി. ദിവസങ്ങളായി മലിനജലം കെട്ടിനില്‍ക്കുന്ന ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും വെള്ളം ഉയര്‍ന്നതോടെ നഗരം മാലിന്യപ്രളയത്തിലായി. ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്ന് ഒലിച്ചെത്തിയ വെള്ളം ബസ് സ്റ്റാന്റിനെയാണ് ഏറെ വലച്ചത്. വെള്ളം പൊങ്ങിയതോടെ യാത്രക്കാര്‍ പലയിടത്തും കുടുങ്ങി. എങ്ങനെയെങ്കിലും വീടണയാന്‍ ഉദ്ദേശിച്ച് വെള്ളത്തിലിറങ്ങിയ പലരും താഴെ വീഴുകായായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ഗള്‍ഫ് മാര്‍ക്കറ്റിലെ പല വ്യാപാരികളും കടകള്‍ അടച്ച് സ്ഥലം വിട്ടു. കാര്യം പന്തിയല്ലെന്ന് കണ്ടതോടെ നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി നടപടി തുടങ്ങി. നേരത്തെ ഡ്രൈനേജ് അടച്ച കാനാത്ത് പ്രദേശത്തെ ഓടകള്‍ ബലം പ്രയോഗിച്ച് തുറന്നെങ്കിലും നാട്ടുകാര്‍ വീണ്ടും അടച്ചത് വാക്കേറ്റത്തിനിടയാക്കി. പിന്നീട് ആര്‍ ഡി ഒ. കെ ഗോപാലന്റെ നേതൃത്വത്തില്‍ അധികൃതര്‍ എത്തി ചര്‍ച്ച നടത്തുകയായിരുന്നു.