പരപ്പനങ്ങാടിയില്‍ ടിപ്പര്‍ ലോറി ട്രക്കറില്‍ ഇടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്‌

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:40 pm

പരപ്പനങ്ങാടി: ടിപ്പര്‍ ലോറി ട്രാക്കറില്‍ ഇടിച്ച് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില് ഗുരതരമായി പരുക്കേറ്റ എട്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അയ്യപ്പന്‍കാവ് വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വരുകയായിരുന്ന ടിപ്പര്‍ ലോറി എതിരെ യാത്രക്കാരുമായി വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ഉടന്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചു. ട്രക്കര്‍ ഡ്രൈവര്‍ റഫീഖിനെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട ചന്ദ്രമതി അരിയല്ലൂര്‍ (67), എന്‍ സഫിയ പരപ്പനങ്ങാടി (37), പി കുഞ്ഞീതു അരിയല്ലൂര്‍ (70), സി റഫീഖ് അരിയല്ലൂര്‍(24), ജയചന്ദ്രന്‍ അരിയല്ലൂര്‍ (70), പി കൃഷ്ണന്‍ അരിയല്ലൂര്‍(74), നാജ കൊടക്കാട്ടകത്ത് ആനങ്ങാടി (ഏഴ്), അഫ്‌സത്ത് കൊടക്കാട്ടകത്ത് (25) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്‍ വി ഷീബ (39), എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ ടിപ്പര്‍ ഡ്രൈവര്‍ ഓടി പോലീസിന് കീഴടങ്ങി.