വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം തുടങ്ങി

Posted on: May 8, 2014 3:39 pm | Last updated: May 8, 2014 at 3:39 pm

nasla-deathഅരീക്കോട്: സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിഷ്‌ല ആത്മഹത്യ ചെയ്യാനിടയായ സംവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാന അധ്യാപകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരിന്നു. വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍, പഠന നിലവാര രേഖ, ഉത്തര കടലാസുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
460 കുട്ടികളാണ് ഈ വര്‍ഷം ഒമ്പതാം ക്ലാസില്‍ പരീക്ഷ എഴുതിയത്. ഇവരില്‍ 66 പേര്‍ക്കാണ് ക്ലാസ് കയറ്റം നിഷേധിച്ചുവെന്നാണ് ആക്ഷേപമുള്ളത്. 19 കുട്ടികള്‍ക്ക് രണ്ടാം തവണയാണ് ക്ലാസ് കയറ്റം നിഷേധിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്ലാസ് കയറ്റം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. ക്ലാസ് ടീച്ചര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂള്‍ അധികൃതരുടെ പങ്കിനെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാവ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രാഥമിക തെളിവെടുപ്പില്‍ തന്നെ സ്‌കൂളധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.സിഡബ്ല്യൂസി നിര്‍ദേശപ്രകാരം ജില്ലാ ജുവനൈല്‍ പോലീസ് ചീഫ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരും അന്വേഷിക്കുന്നുണ്ട്.