ലീഗ് ആരോപണം ബിജെപി രഹസ്യബന്ധം മറച്ചുവെക്കാനെന്ന് സിപിഎം

Posted on: May 8, 2014 3:37 pm | Last updated: May 8, 2014 at 3:37 pm

cpmകാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കളായി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി പിന്‍വാങ്ങിയത് സി പി എം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണെന്ന മുസ്‌ലീംലീഗ് ആരോപണം ലീഗ്-ബി ജെ പി രഹസ്യ ബന്ധം മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് സി പി എം ജില്ല കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ഈ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി പി ഐ പ്രതിനിധി പുഷ്പയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച സി പി എം അനുഭാവിയായ വനിതാംഗത്തിന് സി പി എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ സി പി എം വ്യക്തമാക്കിയിട്ടുള്ളതാണ്.
പൈവളിഗെയിലെ സി പി എം നേതാവ് അബ്ദുറസാഖ് ചിപ്പാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായത് ബി ജെ പിയുടെ പിന്തുണയോടെയാണെന്ന ലീഗ് ആരോപണവും വസ്തുതാവിരുദ്ധമാണ്. പഞ്ചായത്ത് ഭരണ സമിതികളിലെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലുണ്ടാവുക സ്വാഭാവികമാണ്.
ജില്ലയിലെ ചില ത്രിതല പഞ്ചായത്തുകളിലും ജില്ലാ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ബി ജെ പിയുമായി അവിശുദ്ധ കൂട്ടുകെട്ട് നിര്‍ലജം തുടരുന്ന ലീഗിന്റെ കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.