Connect with us

Kozhikode

നിര്‍മാണത്തിനിടെ വ്യാജ തേന്‍ പിടികൂടി

Published

|

Last Updated

വടകര: ലിങ്ക് റോഡിനടുത്തുള്ള ലോഡ്ജില്‍ നിന്ന് തമിഴ്‌നാട് സ്വദേശികള്‍ വ്യാജ തേന്‍ നിര്‍മിക്കുന്നത് നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ബാബുരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ തേന്‍ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഏകദേശം 83 ലിറ്റര്‍ തേന്‍ പോലുള്ള ദ്രാവകം ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.
നഗരത്തിലെ പ്രധാന കവലകളില്‍ തേന്‍ വലകളും തേനീച്ചകളെയും പ്രദര്‍ശിപ്പിച്ച് യഥാര്‍ഥ തേനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്. ശര്‍ക്കരയും യെസ്സന്‍സും മദ്യവും ചേര്‍ത്താണ് വ്യാജ തേന്‍ ഉണ്ടാക്കിയിരുന്നത്. പ്രകൃതിദത്തമായ തേനെന്ന് ധരിച്ച് പലരും ഇത്തരം ദ്രാവകങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പോലും വാങ്ങി നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പൊള്ളാച്ചി നരിക്കാവന്‍ കോളനിയില്‍ മോഹനന്‍ എന്നയാളാണ് ലോഡ്ജില്‍ മുറിയെടുത്ത് തേന്‍ നിര്‍മിച്ചതെന്ന് വ്യക്തമായി. ഇയാള്‍ മുറിയെടുക്കുന്ന സമയത്ത് ലോഡ്ജില്‍ നല്‍കിയ ഐഡന്റിറ്റി കാര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തു.
ലോഡ്ജിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ലോഡ്ജ് ഉടമക്ക് നോട്ടീസ് നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു.

Latest