പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയില്‍ മണല്‍ കടത്ത്

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:30 pm

മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ കടത്ത്. മണല്‍ കടത്തിയ വാഹനവും മണലും കാരന്തൂരില്‍ കുന്ദമംഗലം പോലീസ് പിടിച്ചെടുത്തു.
ചെറുവാടി കണിച്ചാടിക്കുഴിയില്‍ മുജീബുര്‍റഹ്മാന് അനുവദിച്ച മണല്‍ ബില്ലില്‍ കുന്ദമംഗലത്തേക്ക് കടത്തുകയായിരുന്ന മണലാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 22നാണ് മുജീബ് റഹ്മാന് പഞ്ചായത്തില്‍ നിന്ന് മണല്‍ അനുവദിച്ചത്. ഗ്രാമ പഞ്ചായത്തംഗം നേരിട്ട് ബില്‍ കൈപ്പറ്റുകയായിരുന്നു. എന്നാല്‍ ഈ ബില്ലിന്റെ പേരിലാണ് മറ്റൊരു സ്ഥലത്തേക്ക് മണല്‍ കടത്താന്‍ ശ്രമം നടന്നത്. പഞ്ചായത്തിലെ ചെറുവാടി, തെയ്യത്തുംകടവ്, തറമ്മല്‍, പുതിയോട്ടില്‍ കടവുകളില്‍ നിന്നായി വ്യാജ ഗുണഭോക്താക്കളുടെ പേരില്‍ ഇത്തരത്തില്‍ മണല്‍ കടത്ത് പതിവാണെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മണല്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കുന്ദമംഗലം പോലീസ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും മുജീബുര്‍റഹ്മാന്റെ വീട്ടിലും പരിശോധന നടത്തി.