സി പി എം- സി പി ഐ യോഗം അലസിപ്പിരിഞ്ഞു

Posted on: May 8, 2014 10:25 am | Last updated: May 8, 2014 at 3:26 pm

വടകര: ധന്വന്തരി നിധി സ്വകാര്യ ട്രസ്റ്റാക്കിയതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാന്‍ ചേര്‍ന്ന സി പി എം- സി പി ഐ നേതാക്കളുടെ യോഗം അലസിപ്പിരിഞ്ഞു. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി ഭാസ്‌കരന്‍ ചെയര്‍മാനായി രൂപവത്കരിച്ച ട്രസ്റ്റിനെതിരെ സി പി ഐ പരസ്യവിമര്‍ശവുമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരു കക്ഷികളിലും നിലനിന്ന ഭിന്നത പരിഹരിക്കാനുള്ള യോഗമാണ് തീരുമാനമാകാതെ നിര്‍ത്തിയത്.
ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്നും സി ഭാസ്‌കരന്‍ ഒഴിയണമെന്ന് സി പി ഐ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയാന്‍ കഴിയില്ലെന്ന് സി പി എം നേതൃത്വവും വ്യക്തമാക്കി. ട്രസ്റ്റില്‍ സി പി ഐക്ക് മാന്യമായ സ്ഥാനം നല്‍കുമെന്നും സി പി എം നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ഇത് സി പി ഐ അംഗീകരിച്ചില്ല. പൊതുയോഗത്തിലൂടെ പാര്‍ട്ടിയെ സി പി എം താറടിച്ചതായും സി പി ഐക്കാര്‍ പറഞ്ഞു.
ഇരുകൂട്ടരും സ്വന്തം വാദഗതിയില്‍ ഉറച്ചുനിന്നതോടെ യോഗം പിരിയുകയായിരുന്നു. സി പി എം, സി പി ഐ ജില്ല, മണ്ഡലം നേതാക്കളാണ് പങ്കെടുത്തത്.