മുല്ലപ്പെരിയാര്‍ വിധി

Posted on: May 8, 2014 6:00 am | Last updated: May 7, 2014 at 9:22 pm

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് കനത്ത തിരിച്ചടി തന്നെയാണ്. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കേരളം ഉയര്‍ത്തിയ ആശങ്കകള്‍ക്ക് വിധിയില്‍ അര്‍ഹമായ ഇടം ലഭിച്ചില്ലെന്നതാണ് പ്രധാനം. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് അപ്പടി അംഗീകരിച്ചു. മാത്രമല്ല, ജലനിരപ്പ് ഉയര്‍ത്തണമെന്ന 2006ലെ സുപ്രീം കോടതി വിധി മറികടക്കാനായി കേരള നിയമസഭ കൊണ്ടുവന്ന ഡാം സുരക്ഷാ നിയമം ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിച്ചു. ഇതുവഴി പുതിയ ഡാം വേണമെന്ന കേരളത്തിന്റെ വാദം അസാധുവായി. ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിക്കപ്പെടുകയും ചെയ്തു. അണക്കെട്ടിന്റെ സുരക്ഷിതത്വം പരിശോധിക്കാനായി കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായിട്ടുള്ളത്.
വിവിധ ഘട്ടങ്ങളില്‍ സുപ്രീം കോടതിയുടെ താഴ്ന്ന ബഞ്ചുകള്‍ പുറപ്പെടുവിച്ച വിധികളും ഉന്നതാധികാര കമ്മിറ്റി എടുത്തിട്ടുള്ള നിലപാടുകളുമാണ് ഭരണഘടനാ ബഞ്ച് മുഖവിലക്കെടുത്തതെന്ന് വ്യക്തം. 2006ലെ സുപ്രീം കോടതി വിധി മറികടക്കാനായി നിയമനിര്‍മാണത്തിന്റെ വഴി സ്വീകരിച്ച കേരളത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചതിലൂടെ നീതിന്യായ വിഭാഗവും നിയമനിര്‍മാണ വിഭാഗവും തമ്മിലുള്ള അധികാര വിഭജനത്തിന്റെയും ആധികാരികതയുടെയും പ്രശ്‌നങ്ങള്‍ കൂടി ഈ വിധിയിലേക്ക് ഭരണഘടനാ ബഞ്ച് കൊണ്ടുവന്നിരിക്കുകയാണ്. ഇതോടെ 16 വര്‍ഷത്തിലധികം നീണ്ടു നിന്ന് അത്യന്തം സങ്കീര്‍ണമായ വ്യവഹാരങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുന്നു. ഇനി വ്യാഖ്യാനങ്ങളുടെ നാളുകളാണ്.
മുല്ലപ്പെരിയാറിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട 1886 ലെ കരാര്‍ നിലനില്‍ക്കില്ലെന്നായിരുന്നു കേരളം അടിസ്ഥാനപരമായി വാദിച്ചത്. അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച ചോദ്യങ്ങളും കേരളം നിരന്തരം ഉന്നയിച്ചു. ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളും വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദവും ശക്തമായി കേരളം ഉയര്‍ത്തി. തമിഴ്‌നാടിന് കൃഷിക്കാവശ്യമായ ജലം കൃത്യമായ അളവില്‍ നല്‍കാന്‍ സംസ്ഥാനം ഒരുക്കമാണെന്നും എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ സുരക്ഷ അവഗണിച്ചുകൊണ്ടുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്നും കേരളം വ്യക്തമാക്കി. 1979 ല്‍ കേന്ദ്ര ജല കമ്മീഷന്‍ തന്നെ ഡാം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയ കാര്യവും റൂര്‍ക്കി ഐ ഐ ടി അടക്കമുള്ളവയുടെ റിപ്പോര്‍ട്ടുകളും കേരളം സുപ്രീം കോടതിയുടെ പരിഗണനക്ക് വെച്ചു. മുല്ലപ്പെരിയാറിനോട് ചേര്‍ന്ന ജില്ലകളിലെ മനുഷ്യരുടെ ആശങ്ക വലിയ രാഷ്ട്രീയ വിഷയമായി പരിണമിക്കുകയും അതിശയോക്തിപരമെന്ന് തോന്നാവുന്ന തരത്തില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ തന്നെ ആശങ്കയെ കത്തിച്ചു നിര്‍ത്തുകയും ചെയ്തതോടെ മുല്ലപ്പെരിയാര്‍ കേസിന് വൈകാരികമായ തലം കൈവന്നു.
എന്നാല്‍ തമിഴ്‌നാട് അങ്ങേയറ്റം തന്ത്രപരമായാണ് നീങ്ങിയത്. കൃഷി ആവശ്യത്തിന് പര്യാപ്തമായ വെള്ളം ലഭിക്കാന്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് വിവിധ കമ്മിറ്റികള്‍ക്ക് മുമ്പാകെയും കോടതിക്ക് മുമ്പാകെയും ഫലപ്രദമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1970ല്‍ കരാര്‍ പുതുക്കിയത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ അടിസ്ഥാന വാദത്തെ അവര്‍ പൊളിച്ചു. നിയമവിരുദ്ധമായ ഒരു കരാര്‍ പുതുക്കിയാല്‍ അതും നിയമവിരുദ്ധമല്ലേ എന്ന കേരളത്തിന്റെ പ്രതിവാദം അംഗീകരിക്കപ്പെട്ടില്ല. കേരളത്തിലെ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെപ്പോലും ഉപയോഗിച്ച് തങ്ങളുടെ നിലപാടുകള്‍ വേണ്ടിടങ്ങളില്‍ എത്തിക്കാന്‍ നമ്മുടെ അയല്‍ക്കാര്‍ക്ക് സാധിച്ചു. അങ്ങനെയാണ് ഉന്നതാധികാര സമിതിയും 2006ല്‍ ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ചും അവര്‍ക്ക് അനുകൂലമായി തീര്‍പ്പിലെത്തിയത്. അത് മറികടക്കാന്‍ കേരളം കൊണ്ടു വന്ന നിയമം അണക്കെട്ടിനെ ഷെഡ്യൂള്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുകയും ചെയ്തപ്പോള്‍ ആ നിയമം കോടതിയലക്ഷ്യമാണെന്ന വാദമാണ് തമിഴ്‌നാട് മുന്നോട്ട് വെച്ചത്. പരമോന്നത കോടതിയുടെ തീര്‍പ്പുകളെ അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണങ്ങളുടെ കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ആ യുക്തി അതേപടി സ്വീകരിക്കുകയാണ് ഭരണഘടനാ ബഞ്ച് ചെയ്തിരിക്കുന്നത്.
ഈ ഘട്ടത്തില്‍ കേരളത്തിന് എന്തൊക്കെയാണ് ചെയ്യാനുളളത്? എവിടെയൊക്കെയാണ് പിഴച്ചത്? ഒന്നാമതായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ക്രമസമാധാന പ്രശ്‌നമായി ഇത് തരംതാഴാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. മേഖലയിലെ ജനങ്ങളുടെ പ്രതിഷേധം കത്തിക്കുന്ന വിധത്തില്‍ ആരും പെരുമാറരുത്. പ്രതികരണങ്ങള്‍ സൂക്ഷിച്ച് വേണം. വിജയസാധ്യത അങ്ങേയറ്റം പരിമിതമാണെങ്കിലും പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കുന്നതടക്കമുള്ള നിയമപരമായ നടപടികളിലേക്ക് സര്‍ക്കാറിന് നീങ്ങാവുന്നതാണ്. നിയമസഭ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മൂന്നംഗ സമിതിയില്‍ ഒരംഗം കേരളത്തില്‍ നിന്നും മറ്റൊന്ന് തമിഴ്‌നാടില്‍ നിന്നുമാണ്. ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയെ നന്നായി ഉപയോഗിക്കാന്‍ സാധിക്കണം. കേരളത്തിന്റെ ആശങ്ക അതത് സമയത്ത് ഫലപ്രദമായി സമിതിക്ക് മുമ്പില്‍ വെക്കണം. ഭൂചലനം പോലുള്ള പ്രത്യേക സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ പുതിയ കേസുമായി കോടതിയില്‍ പോകുകയുമാകാം. ബഹുമുഖ പരിഹാരമാണ് എപ്പോഴും തേടേണ്ടത്. ഡാം സുരക്ഷാ നിയമമെന്ന ഒറ്റ പരിഹാരത്തില്‍ ഉറച്ച് നിന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് മനസ്സിലാക്കണം. പുതിയ ഡാമിന് പകരം ടണല്‍ എന്ന പരിഹാരത്തെക്കുറിച്ച് തമിഴ്‌നാടുമായി രാഷ്ട്രീയ ചര്‍ച്ചയാകാം. വിഷയം വൈകാരികമായിരിക്കാം. പക്ഷേ പരിഹാരം ബുദ്ധിപരമാകണം.