ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ ജനഹിതം മാനിക്കുക – എസ് എസ് എഫ്

Posted on: May 7, 2014 11:26 pm | Last updated: May 7, 2014 at 11:26 pm

കോഴിക്കോട്: ബാറുകളുടെ നിലവാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അനുചിതവും അനാവശ്യവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ സാധ്യതകള്‍ ആരായുന്നതിന് പകരം പൂട്ടിയ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഭരണകൂടം താത്പര്യപ്പെടുന്നത്. മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
ബാറുകള്‍ തുറന്നില്ലെങ്കില്‍ മദ്യദുരന്തമുണ്ടാകുമെന്ന വ്യാജ ഭീതി സൃഷ്ടിക്കുന്നത് മദ്യലോബിയെ സഹായിക്കാന്‍ വേണ്ടിയാണ്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ മദ്യദുരന്തമുണ്ടായത് ബാറുകള്‍ അടഞ്ഞുകിടക്കുമ്പോഴല്ല. ബാറുകളുടെ പ്രവര്‍ത്തനവും മദ്യദുരന്തവുമായി ബന്ധപ്പെടുത്തി ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ മാറിനില്‍ക്കണം. മദ്യനിരോധനമെന്ന പ്രഖ്യാപിത നയം മറന്ന് മദ്യവര്‍ജനമെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തുന്നതിലൂടെ ഭരിക്കുന്നവരുടെ ഇച്ഛാശക്തിയില്ലായ്മയാണ് പ്രകടമാകുന്നത്. മദ്യത്തിന്റെ ലഭ്യതക്കുറവ് മദ്യപാനത്തിന്റെ തോത് കുറക്കുമെന്നത് 2013 പുതുവര്‍ഷത്തലേന്ന് എസ് എസ് എഫ് നടത്തിയ മദ്യവില്‍പ്പന തടയല്‍ സമരത്തിലൂടെ തെളിഞ്ഞതാണ്. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ബാറുകള്‍ അടഞ്ഞുകിടക്കുന്നതിനെ തൊഴില്‍ പ്രശ്‌നമായി അവതരിപ്പിച്ച് മദ്യമുതലാളിമാരുടെ താത്പര്യസംരക്ഷണത്തിനായി രംഗത്തിറങ്ങുന്നവരെ ജനം കരുതിയിരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. അടച്ചിട്ട ബാറുകള്‍ തുറക്കരുത്, സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വരും ദിവസങ്ങളില്‍ എസ് എസ് എഫ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധസായാഹ്നം സംഘടിപ്പിക്കും. ഇതേ ആവശ്യമുന്നയിച്ച് കലക്ടറേറ്റിലേക്ക് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചുള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ക്കും സെക്രട്ടേറിയറ്റ് രൂപം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.