പണ്ഡിത കോണ്‍ഫറന്‍സ് 17 ന് മഅ്ദിന്‍ ക്യാമ്പസില്‍

Posted on: May 7, 2014 11:26 pm | Last updated: May 7, 2014 at 11:26 pm

മലപ്പുറം: സുന്നി യുവജന സംഘവും മഅ്ദിന്‍ അക്കാദമിയും സംയുക്തമായി നടത്തി വരുന്ന, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതനുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പണ്ഡിത ദര്‍സിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ഈമാസം 17ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പണ്ഡിത കോണ്‍ഫററന്‍സ് സംഘടിപ്പിക്കും. വഖ്ഫ്: കര്‍മ ശാസ്ത്ര കാഴ്ച്ചപാടുകള്‍ എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ക്ലാസെടുക്കും. ഇസ്‌ലാമിന്റെ ഉന്നമനത്തിനും പരിപാലനത്തിനുമായി പൂര്‍വികര്‍ നീക്കിവെച്ച നിരവധി വഖ്ഫ് സ്വത്തുക്കള്‍ അനര്‍ഹരും പുത്തന്‍ ചിന്താഗതിക്കാരും കൈകാര്യം ചെയ്ത് പോന്നതിനാല്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന ദാരുണ രംഗത്തിന് പരിഹാരം കാണാന്‍ പണ്ഡിതരെ സജ്ജരാക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. വഖ്ഫിന്റെ മഹത്വം, പാരമ്പര്യം, വിനിയോഗം, മേല്‍നോട്ടം തുടങ്ങി നിരവധി വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന സമ്മേളനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, തെന്നല അബൂഹനീഫല്‍ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ആനക്കയം സൈതലവി ദാരിമി, അബ്ദുല്ലക്കുട്ടി മഖ്ദൂമി, കോട്ടക്കല്‍ ഇസ്മായില്‍ ബാഖവി, കുഞ്ഞാപ്പ ഫൈസി മുടിക്കോട്, അലവി സഖാഫി കൊളത്തൂര്‍, പല്ലാര്‍ ഹസ്സന്‍ ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിക്കും.
സമ്മേളനത്തിന്റെ ഭാഗമായി മെയ് 30, 31 തീയതികളില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചരിത്ര ഗവേഷണ യാത്രയും നടക്കും. ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പൂര്‍വസൂരികളുടെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്രയില്‍ ചരിത്രം, ആത്മീയം, സംസ്‌കാരം, പ്രാസ്ഥാനികം എന്നീ ചര്‍ച്ചകളും പഠനങ്ങളും നടക്കും. വിശദ വിവരങ്ങള്‍ക്ക് 9947399360 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.