തായ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി

Posted on: May 7, 2014 11:22 pm | Last updated: May 7, 2014 at 11:22 pm

thayvanബാങ്കോക്ക്: അധികാര ദുര്‍വിനിയോഗ കേസില്‍ തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനാവത്രയും ഒമ്പത് മന്ത്രിമാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഷിനാവത്രയെയും നിരവധി മന്ത്രിമാരെയും കോടതി പുറത്താക്കി. ദേശീയ സുരക്ഷാ മേധാവിയെ നിയമവിരുദ്ധമായാണ് സ്ഥാനം മാറ്റിയതെന്ന് ഭരണഘടനാ കോടതി കണ്ടെത്തി. കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടന്നുവരികയാണ്. ബാക്കിയുള്ള മന്ത്രിമാര്‍ വാണിജ്യ മന്ത്രി നിവാത്തുംറോംഗ് ബൂന്‍സോംഗ്‌പൈസാനിനെ കാവല്‍ പ്രധാനമന്ത്രിയാക്കി അംഗീകരിച്ചു.
2011ല്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച ദേശീയ സുരക്ഷാ മേധാവി തവീല്‍ പ്ലീന്‍സ്‌രിയെ സ്ഥാനം മാറ്റിയതിലൂടെ ഷിനാവത്രയുടെ പാര്‍ട്ടി നേട്ടമുണ്ടാക്കിയെന്നാണ് കേസ്. ഷിനാവത്രയുടെ ബന്ധു നേട്ടമുണ്ടാക്കിയതായി കോടതി കണ്ടെത്തി. ‘ഷിനാവത്രയുടെ പ്രധാനമന്ത്രി പദം അവസാനിച്ചിരിക്കുന്നു. കാവല്‍ പ്രധാനമന്ത്രിയായും ഷിനാവത്രക്ക് തുടരാന്‍ സാധിക്കില്ല.’ വിധിന്യായത്തില്‍ പറയുന്നു. കോടതി വിധി വന്നതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍, രണ്ട് വര്‍ഷമായി തുടരുന്ന പിന്തുണക്ക് തന്റെ പാര്‍ട്ടി അനുയായികളോട് അവര്‍ നന്ദി പറഞ്ഞു. താന്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ്. വളരെ സത്യസന്ധമായ നയങ്ങളിലൂടെയാണ് രാജ്യഭരണം കൈയാളിയത്. ആരോപിതരായത് പോലെ തങ്ങള്‍ ഒരിക്കലും നിയമവിരുദ്ധമായി പെരുമാറിയിട്ടില്ല.’ ഷിനാവത്ര പറഞ്ഞു.
തിരഞ്ഞെടുപ്പ് വരെ കാവല്‍ മന്ത്രിസഭ തുടരും. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഈ മാസമാദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനെ എതിര്‍ത്തു. അതേസമയം, കോടതി വിധി രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് കിയാത് സിത്തീയാമാമോണ്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് രാഷ്ട്രീയ പരിഷ്‌കരണം അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എന്തൊക്കെയുണ്ടാകുമെന്ന് നിരീക്ഷക്കട്ടെ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ അനുകൂല പ്രക്ഷോഭം ശക്തമാകും. ഗ്രാമ മേഖലകളില്‍ ഷിനാവത്രയുടെ പാര്‍ട്ടിക്ക് നല്ല പിന്തുണയുണ്ട്. ഷിനാവത്രയുടെ സര്‍ക്കാറിന് എതിരെ പ്രക്ഷോഭം നടത്തിയത് മധ്യവര്‍ഗവും നഗരവാസികളുമായിരുന്നു.
തായ്‌ലന്‍ഡിലെ അധികാര കൈമാറ്റത്തില്‍ കോടതി വിധികള്‍ക്ക് ചരിത്ര പങ്കുണ്ട്. 2008ല്‍ ഷിനാവത്രയുടെ സഹോദരന്‍ താക്‌സിന്‍ ഷിനാവത്രയെ കോടതിയാണ് അധികാരഭ്രഷ്ടനാക്കിയത്. തിരഞ്ഞെടുപ്പ് കൃത്രിമം കാണിച്ചതിന് താക്‌സിന്റെ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാര്‍ രൂപവത്കരിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം 2011ലാണ് യിംഗ്‌ലക് ഷിനാവത്ര അധികാരത്തിലേറിയത്.