Connect with us

National

എട്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തില്‍ പശ്ചിമബംഗാളിലും സീമാന്ധ്രയിലും കനത്ത പോളിംഗ്. 64 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. സീമന്ധ്രയിലെ 25 മണ്ഡലങ്ങളിലേക്കും, ഉത്തര്‍പ്രദേശിലെ 15 ഉം, ബീഹാറിലെ ഏഴും, പശ്ചിമബംഗാളിലെ ആറും, ഉത്തരാഖണ്ഡിലെ അഞ്ചും ഹിമാചലിലെ നാലും ജമ്മുകാശ്മീരിലെ രണ്ടും മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടിംഗ്.
997 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സീമാന്ധ്രയില്‍ അഞ്ച് മണിവരെ 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹിമാചലില്‍ 62.25ഉം, പശ്ചിമബംഗാളില്‍ 80. 15 ഉം ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയില്‍ 49.96 ശതമാനം പേര്‍ അഞ്ച് മണിവരെ വോട്ട് ചെയ്തു. ബീഹാറിലും സീമാന്ധ്രയിലും സംഘര്‍ഷമുണ്ടായി. ബീഹാറില്‍ ബൂത്തിന് പുറത്ത് പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
സമാന്ധ്രയിലെ ഗുണ്ടൂരില്‍ 74 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വിശാഖപട്ടണത്താണ് കുറവ് പോളിംഗ്. 67 ശതമാനം. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ വരുണ്‍ഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂരില്‍ 53 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
പശ്ചിമബംഗാളിലാണ് കനത്ത പോളിംഗ് നടന്നത്. അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് 78.47 ശതമാനമാണ് പോളിംഗ്. ജര്‍ഗാമില്‍ 87.88 ശതമാനവും മിഡ്‌നാപൂരില്‍ 81.45 ശതമാനവും പുരുലിയയില്‍ 78.75 ശതമാനവും ബാന്‍കുറയില്‍ 80.55 ശതമാനം ബിഷന്‍പൂരില്‍ 85.21 ശതമാനവും, അസന്‍സോളില്‍ 75.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ 56 ശതമാനമാണ് അഞ്ച് മണിവരെയുള്ള പോളിംഗ്. ഹരിദ്വാറില്‍ 69 ശതമാനവും, നൈനിറ്റാളില്‍ 61 ശതമാനവും, ചാമ്പവതില്‍ 47 ശതമാനവും, പിത്തോഗഢില്‍ 50 ശതമാനവുമാണ് പോളിംഗ്.
അമേഠിയില്‍ പോളിംഗിനിടെ പണം വിതരണം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി ജെ പി സ്ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകയുമായ സ്മൃതി ഇറാനി കൈയോടെ പിടികൂടി. എന്നാല്‍ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.

Latest