സംസ്ഥാനത്ത് അറബിക് യൂനിവേഴ്‌സിറ്റി വരുന്നു

Posted on: May 7, 2014 11:04 pm | Last updated: May 7, 2014 at 11:04 pm

arabicതിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ദേശീയ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ശിപാര്‍ശക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകാരം. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംസ്ഥാനത്തെ എയിഡഡ് അറബിക് കോളജുകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്’ഇന്നലെ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. ഡോ. പി അന്‍വര്‍ ചെയര്‍മാനായും പ്രൊഫ. സി ഐ അബ്ദുര്‍ റഹ്മാന്‍ കണ്‍വീനറുമായി രൂപവത്കരിച്ച ഒമ്പതംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റി, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഇഫഌ എന്നിവയുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിംഗ് സര്‍വകലാശാലയായി ആരംഭിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്. അറബിക് യൂനിവേഴ്‌സിറ്റി സംസ്ഥാനത്തെ അറബി ഭാഷാ പഠനങ്ങളെ അന്താരാഷ്ട്ര അറബിക് യൂനിവേഴ്‌സിറ്റികളുമായും വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഘടകമായി വര്‍ത്തിക്കും.
യൂനിവേഴ്‌സിറ്റി ഫോര്‍ അറബിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഫോര്‍ അറബിക്, കേരള സ്റ്റേറ്റ് ഇന്റര്‍നാഷനല്‍ അറബിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ പേരുകളാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വകലാശാല നടത്തുന്ന കോഴ്‌സുകളില്‍ കുറഞ്ഞത് രണ്ടെണ്ണം എങ്കിലും അറബി ഭാഷയില്‍ ഉള്ളതായിരിക്കുമെന്ന് റിപ്പേര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമേ, വിദ്യാര്‍ഥി, അധ്യാപക വിനിമയം സാധ്യമാകുന്ന വിധത്തില്‍ രാജ്യാന്തര സര്‍വകലാശാലകളുമായി ബന്ധം സ്ഥാപിക്കണം. സര്‍വകലാശാലയിലെ പ്രവേശനത്തിന് സംവരണം ബാധകമാക്കണം. അനുവദിച്ച സീറ്റുകള്‍ക്ക് പുറമേ, വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് പ്രത്യേക സംവിധാനം ഒരുക്കണം. സര്‍വകലാശാല തലത്തില്‍ അറബിക് പശ്ചാത്തലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ബ്രിഡ്ജ് കോഴ്‌സുകള്‍ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ഒമ്പത് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ബി എഡും എം എഡുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, എം ഫില്‍, പി എച്ച് ഡി ഗവേഷണ പരിപാടികളും അറബിക് മെയിനായി ബി എ ബിരുദവും ഉള്‍പ്പെടുന്നു. ആറ് പി ജി ഡിപ്ലോമ കോഴ്‌സുകളും രണ്ട് സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലവസരങ്ങളുടെ വലിയ കവാടമാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ തുറന്നു ലഭിക്കുകയെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
എയ്ഡഡ് അറബിക് കോളജുകളുമായി ബന്ധപ്പെട്ട് ഘടനാപരമായ മാറ്റങ്ങളും സിലബസ് നവീകരണവും പഠിക്കാനായി നിയോഗിച്ച കമ്മിറ്റി അറബിക് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നിരവധി ശിപാര്‍ശകളും സമിതി മുന്നോട്ടുവെച്ചു. എയ്ഡഡ് അറബിക് കോളജുകള്‍ നടത്തുന്ന അഫസലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സ്, അതത് മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്ലസ്ടുകോഴ്‌സുകളാക്കി ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ നിയന്ത്രണത്തിലാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ഓറിയന്റല്‍ കോളജുകള്‍ക്കും അറബിക് കോളജുകള്‍ക്കും ബാധകമാക്കണം. അറബിക് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കത്തക്ക വിധം സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യണം. സംസ്ഥാനത്തെ മറ്റ് ഹയര്‍ സെക്ക ന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്ന അവകാശ, ആനുകൂല്യങ്ങള്‍ നിലവില്‍ അറബിക് കോളജുകളിലെ അധ്യാപക, അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കണം. അറബിക് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രഫ. സി ഐ അബ്ദുര്‍റഹ്മാന്‍ കണ്‍വീനറും ഡോ. ഇ അഹമ്മദ് കുട്ടി, ഡോ. എ എഫ് മാത്യൂ, പ്രൊഫ. അബ്ദുന്നാസിര്‍ കോലോത്തുംതൊടി, സി പി അബൂബക്കര്‍, പ്രൊഫ. സഹദ് ബിന്‍ അലി, ഡോ. ലിയാഖത്ത് അലി, ഡോ. സി രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.