ഉടമസ്ഥന്‍ മാറി വര്‍ഷങ്ങള്‍ കഴിഞ്ഞും പേര് മാറാതെ മത്ഹം രാമു

Posted on: May 7, 2014 8:29 pm | Last updated: May 7, 2014 at 8:29 pm

IMG_2368 [1600x1200]മസ്‌കത്ത്: 35 വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പറന്ന തൃശ്ശൂര്‍ വലപ്പാടം സ്വദേശി രാമുവിന്റെ പേരില്‍ ഒമാനില്‍ ഇപ്പോഴും ഒരു റസ്റ്റോറന്റ് അറിയപ്പെടുന്നു. മത്ഹം രാമു എന്ന ഖുറിയാത്തിലെ സാമാന്യം തിരക്കേറിയ ഈ റസ്റ്റോറന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമു സ്ഥാപിച്ചതാണ്. വ്യത്യസ്തമായ ശൈലികൊണ്ടും കേരള ഭക്ഷണം കൊണ്ടും ശ്രദ്ധേയമായ റസ്റ്റോറന്റ് ഖുറിയാത്ത് സൂഖിലെ ആദ്യത്തെ ഹോട്ടലായിരുന്നു. രാമു നാട്ടിലേക്ക് പോയതിന് ശേഷം പലരും പല പേരിലും ഈ റസ്റ്റോറന്റ് നടത്തിയിരുന്നെങ്കിലും അറബികളും ഇവിടുത്തെ പ്രവാസികളും ഈ ഹോട്ടലിനെ വിളിച്ചു വരുന്നത് മത്ഹം രാമു എന്നാണ്.

സഹജീവികളോട് ഏറെ ഉദാരനായ രാമു ഭക്ഷണം വിറ്റ് കൊള്ളലാഭം നേടാന്‍ ആഗ്രഹിച്ചിരുന്നില്ല. കുറഞ്ഞ വിലക്ക് നല്ല ഭക്ഷണം കൊടുക്കുകയെന്നായിരുന്നു രാമുവിന്റെ രീതി. കൂടാതെ സാധുക്കളായ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അദ്ദേഹം ഭക്ഷണം സൗജന്യമായി നല്‍കിയിരുന്നതായും സ്റ്റേഡിയം റോഡില്‍ ടയര്‍ കട നടത്തുന്ന ഹരി സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ പോലെ കോഫി ഷോപ്പുകളുടെ അതിപ്രസരമില്ലാത്ത കാലത്ത് റസ്റ്റോറന്റ് ആരംഭിച്ച രാമു അറബികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. അന്നത്തെ കാലത്ത് ഖുറിയാത്തിലെയും പരിസര പ്രദേശങ്ങളിലും രാമുവിനെ അറിയാത്തവര്‍ വിരളമായിരുന്നുവെന്ന് മുപ്പത്ത് വര്‍ഷമായി ഖുറിയാത്തിലുള്ള ബംഗ്ലാദേശ് സ്വദേശി അബ്ദുല്‍ഹഖീം പറയുന്നു. വ്യത്യസ്തമായ ഭക്ഷണ വിഭങ്ങളൊരുക്കി അറബികളെ ആകര്‍ഷിപ്പിക്കുന്നതില്‍ രാമുവിന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവാസികള്‍ പറയുന്നു. കൂടാതെ കടയിലെത്തുന്നവര്‍ക്ക് ആവശ്യപ്പെടുന്ന ഭക്ഷണം അപ്പോള്‍ തന്നെ ഉണ്ടാക്കി കൊടുക്കുന്ന ഫാസ്റ്റ് ഫുഡ് രീതിയും മത്ഹം രാമുവിന്റെ പ്രത്യേകതയായിരുന്നു. ഖുറിയാത്തില്‍ വൈദ്യുതി സംവിധാനങ്ങള്‍ എത്താതിരുന്ന കാലത്ത് പെട്രോ മാക്‌സ് കത്തി രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ അപൂര്‍വ്വ ഹോട്ടലായിരുന്നു രാമുവിന്റേത്.

മത്ഹം രാമുവിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ നാദാപുരം നമ്പിയത്താംകുണ്ട് സ്വദേശി സലീം കടയുടെ പേര് മത്ഹം അസ്ദാഫ് സഹല്‍ എന്ന് നാമകരണം നടത്തിയെങ്കിലും അധികമാരും ഈ പേര് വിളിക്കാറില്ലത്രെ. ലൈസന്‍സ് പുതുക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് അധികൃതരെയും മറ്റും സമീപിക്കുമ്പോള്‍ മത്ഹം രാമു എന്നാണ് അവരും കടയെ വിളിക്കാറുള്ളതെന്ന് സലീം വ്യക്തമാക്കുന്നു. മത്ഹം രാമുവിനോടുള്ള നാട്ടുകാരുടെ സ്‌നേഹം മനസ്സിലാക്കി കട ഇതുവരെ സലീം പുതുക്കി പണിതിട്ടില്ല. ഒമാനിന്റെ വിവിധ ദിക്കുകളില്‍ നിന്ന് ഖുറിയാത്തിലെത്തുന്നവര്‍ മത്ഹം രാമു ഏതാണെന്നന്വേഷിച്ച് തന്റെ കടയിലെത്താറുണ്ടെന്നും രാമുവിന്റെ സുഖവിവരം തന്നോട് അന്വേഷിക്കാറുണ്ടെന്നും സലീം പറയുന്നു. ഇന്നുവരെ രാമുവിനെ നേരില്‍ കണ്ടിട്ടില്ലാത്ത സലീമിന് ജനങ്ങളില്‍ നിന്ന് കേട്ടറിഞ്ഞ രാമു സുപരിചിതനാണ്.