കേരളത്തിലേക്കും തിരിച്ചും എത്ര സര്‍വീസുകളും നടത്താം ഫ്‌ളൈ ദുബൈ

Posted on: May 7, 2014 6:20 pm | Last updated: May 7, 2014 at 6:20 pm

ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും തിരിച്ചും എത്ര വിമാനം വേണമെങ്കിലും പറത്താന്‍ തയ്യാറെന്ന് ഫ്‌ളൈ ദുബൈ സി ഇ ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കും യു എ ഇക്കും ഇടയില്‍ അത്രമാത്രം യാത്രാ സാധ്യതകളാണുള്ളത്. കേരളീയരാണ് യാത്രക്കാരില്‍ കൂടുതല്‍. അത് കൊണ്ടുതന്നെ കേരളത്തിനും ദുബൈക്കുമിടയില്‍ എത്ര സര്‍വീസ് വേണമെങ്കിലും ആകാം. ഫ്‌ളൈ ദുബൈക്ക് അതിനുള്ള അടിസ്ഥാന സൗകര്യമുണ്ട്. ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ ധാരാളം വിമാനങ്ങള്‍ പറത്താന്‍ കഴിയും. കേരളത്തിലടക്കം ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയത് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനക്ക് കാരണമാകും. ഇന്ത്യക്കാര്‍ക്ക് ഏറ്റവും ആശ്രയിക്കാവുന്ന സ്ഥലം എന്ന നിലയില്‍ ദുബൈയിലേക്കും ധാരാളം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഉടന്‍ തന്നെ വിമാന സര്‍വീസ് തുടങ്ങും. പ്രത്യേകം ടൂറിസം പാക്കേജ് ഏര്‍പ്പെടുത്തണം. 35 രാജ്യങ്ങളിലെ 74 കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈ ദുബൈ സര്‍വീസ് നടത്തുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളുമായി ബന്ധപ്പിക്കുമെന്നും ഗൈത് അല്‍ ഗൈത് പറഞ്ഞു. കൊമേഴ്‌സ്യല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ പങ്കെടുത്തു.