വന്യമൃഗശല്യത്തിന്റെ ഭീതിയില്‍ പൂതാടി പഞ്ചായത്തിലെ പത്തോളം ഗ്രാമങ്ങള്‍

Posted on: May 7, 2014 12:37 pm | Last updated: May 7, 2014 at 12:37 pm

സുല്‍ത്താന്‍ ബത്തേരി: നിരന്തരമായ വന്യമൃഗശല്യം കാരണം പൂതാടി പഞ്ചായത്തിലെ പത്തോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്ടു കഴിയുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും ഇവിടെ യാതൊരു സുരക്ഷിതത്വവുമില്ല. പഞ്ചായത്തിലെ വാകേരി, കക്കടം, ചേമ്പുംകൊല്ലി, മണ്ണുണ്ടി, തേന്‍കുഴി, മൂടക്കൊല്ലി, കൂടല്ലൂര്‍, ഗാന്ധിനഗര്‍, മരിയനാട്, പാപ്ലശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഭയവിഹ്വാലരായി കഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍. കാട്ടാന, കടുവ, പുലി, പന്നി, മാന്‍, കരടി എന്നീ മൃഗങ്ങള്‍ നേരം ഇരുട്ടിയാല്‍ ജനവാസ കേന്ദ്രങ്ങളിത്തിലെത്തുന്നു. കഴിഞ്ഞ പതിനാലിന് മൂടല്‍ മഞ്ഞുള്ള പ്രഭാതത്തില്‍ സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ പോയ രജീഷ് (30) എന്ന ക്ഷീര കര്‍ഷകനെ കാട്ടാന കുത്തി കൊലപ്പെടുത്തിയത് ഭീതി ഇരട്ടിയായി.
കോടിക്കണക്കിന് രൂപയുടെ വിളകളാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്.
കൃഷിയല്ലാതെ മറ്റൊരു ഉപജീവന മാര്‍ഗ്ഗവുമില്ലാത്ത കര്‍ഷകരുടെ വിളകള്‍ ഓരോ രാത്രിയിലും നശിപ്പിക്കപ്പെടുന്നു.
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കൃഷിക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് വനംവകുപ്പില്‍ നിന്നും ലഭിക്കുന്നത്. പരാതി നല്‍കി ഈ പ്രദേശത്തെ ജനങ്ങള്‍ മടുത്തു.
പരിഹാര മാര്‍ഗങ്ങളൊന്നുമുണ്ടാവുന്നില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് ചെയ്തത് പോലെ സ്വന്തം വിളകള്‍ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് തോക്ക് നല്‍കണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. വന്യമൃഗങ്ങളിറങ്ങുന്ന ഭാഗത്ത് കല്‍മതില്‍ നിര്‍മ്മിച്ചാലല്ലാതെ പ്രശ്‌നത്തിന് പരിഹാരമാവുകയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.