മാമ്പഴ വിപണിയിലെ വിലയിടിവ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി

Posted on: May 7, 2014 12:32 pm | Last updated: May 7, 2014 at 12:32 pm

ഓടത്തോട്: മാമ്പഴ വിപണിയിലെ വിലയിടിവ് കച്ചവടകാര്‍ക്ക് ഇരുട്ടടി. മാവിന്‍തോട്ടങ്ങള്‍ കരാറെടുത്ത് മാമ്പഴം കയറ്റുമതി നടത്തിയിരുന്ന കച്ചവടക്കാര്‍ക്കാണ് വിലയിടിവില്‍ ഏറ്റവും ദുരിതം. തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലേക്കാണ് മാമ്പഴ ലോഡുകളേറെയു കയറ്റിപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാങ്ങക്ക് ആവശ്യകാരില്ലെന്നതുകൊണ്ട് തന്നെ കയറ്റുമതി വളരെ കുറവാണ്.
ഇതുമൂലം നാട്ടിന്‍പുറങ്ങളില്‍ മാമ്പഴം വിപണിയില്‍ കൊണ്ടുപോയി വില്‍ക്കേണ്ട ഗതികേടിലാണിവര്‍. 300 മുതല്‍ 700 രൂപവരെ വിലയുള്ള കയറ്റുമതി മാമ്പഴം വിപണിയില്‍ വില കുറച്ച് ലഭിക്കുന്നു. മതിയായ വില ലഭിക്കുകയില്ലെന്നതിന് പുറമെ നാടന്‍ മാങ്ങ വാങ്ങാനും ആളില്ലാത്ത അവസ്ഥയാണ്.
വഴിയോരങ്ങളിലും, ഉന്തുവണ്ടികളിലും ഒരുകിലോ മാമ്പഴത്തിന് 25 മുതല്‍ 60 രൂപവരെയാണ് വില. വേനല്‍ മഴ കനത്തത് മാങ്ങയുടെ ഉല്‍പ്പാദന കുറവിന് കാരണമായിട്ടുണ്ട്. മഴ തന്നെയാണ് മാങ്ങയുടെ വിലയിടിവിന് കാരണമായതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ പറയുന്നു.
മാങ്ങ എളുപ്പത്തില്‍ പഴുക്കാനുപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നതുകൊണ്ട് ആവശ്യക്കാരുടെ ഗണ്യമായ കുറവും മാങ്ങ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.