കാത്തിരിപ്പിന്് ഇനി ഒമ്പത് നാള്‍: വോട്ടെണ്ണല്‍ നാല് കേന്ദ്രങ്ങളില്‍

Posted on: May 7, 2014 12:30 pm | Last updated: May 7, 2014 at 12:30 pm

കല്‍പ്പറ്റ: ഈ മാസം 10ന് വയനാട് ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ മാസം 16ന് നടക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
വോട്ടെണ്ണല്‍ സംബന്ധിച്ച നടപടികള്‍ വിശദീകരിക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് കേന്ദ്രങ്ങളിലെ ഏഴു ഹാളുകളിലായാണ് വയനാട് മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണുന്നത്. കല്‍പ്പറ്റ എസ് കെ എം ജെ.ഹൈസ്‌കൂള്‍, എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, കോഴിക്കോട് ഗവ. ലോ കോളേജ്, നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. മാനന്തവാടി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ യഥാക്രമം എസ്.കെ.എം.ജെ. ഹൈസ്‌കൂളിലെ സുവര്‍ണ്ണ ജൂബിലി ഹാള്‍, മെയിന്‍ഹാള്‍ എന്നിവിടങ്ങളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.ഡി.എം.എല്‍.പി.സ്‌കൂളിലും എണ്ണുന്നതിനാണ് സംവിധാനമൊരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം കോഴിക്കോട് ഗവ. ലോ കോളേജായിരിക്കും.
നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകള്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും നടത്തും. പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറേറ്റില്‍ തന്നെയായിരിക്കും എണ്ണുക.
ഒരു ഹാളില്‍ വോട്ടെണ്ണുന്നതിന് 14 മേശകളും അസി. വരണാധികാരിയുടെ ഒരു മേശയുമടക്കം ആകെ 15 മേശകളാണ് സജ്ജികരിക്കുക.
സ്ഥാനാര്‍ഥികള്‍ക്ക് ഓരോ മേശയിലേക്കും ഓരോ കൗണ്ടിങ് ഏജന്റുമാരെ വീതം നിയോഗിക്കാം.
കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന കേന്ദ്രത്തില്‍ 2 പേരെയും നിയോഗിക്കാവുന്നതാണ്. സ്ഥാനാര്‍ഥിയോ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഏജന്റുമാരോ നിര്‍ദ്ദേശിക്കുന്നവരെ മാത്രമെ കൗണ്ടിങ് ഏജന്റായി നിയമിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കപ്പെടേണ്ടവരുടെ ഫോട്ടോ സഹിതമുള്ള ലിസ്റ്റ് 12 ന് വൈകിട്ട് 5 നകം അതത് അസി. വരണാധികാരികള്‍ക്ക് നല്‍കണം. കൗണ്ടിങ് ഏജന്റുമാരായി നിയമിക്കപ്പെടുന്നവര്‍ക്ക് തിരിച്ചറിയുന്നതിനായി സീരിയല്‍ നമ്പറുള്ള ബാഡ്ജുകള്‍ അസി. വരണാധികാരി അനുവദിക്കും.
കൗണ്ടിങ് ഏജന്റായി നിയമിക്കപ്പെട്ടവര്‍ വോട്ടെണ്ണലിന് ഒരു മണിക്കൂര്‍ മുമ്പ് നിയമന ഉത്തരവിന്റെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം അസി. വരണാധികാരി മുമ്പാകെ ഹാജരാകണം.
വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് കളക്ടര്‍ പറഞ്ഞു.
അസി. വരണാധികാരിയുടെ അനുവാദമില്ലാതെ ഏജന്റുമാരെ പുറത്ത് പോകാനും അനുവദിക്കില്ല. സുഗമമായ വോട്ടെണ്ണലിന് രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ഥികളുടെയും പൂര്‍ണ്ണ സഹകരണം കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. തത്സമയമുള്ള തെരഞ്ഞെടുപ്പ് ഫലം അറിയിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മീഡിയ റൂം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.