30 മീറ്ററില്‍ ബി ഒ ടി ഇല്ലാതെ ആറ് വരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം

Posted on: May 7, 2014 10:39 am | Last updated: May 7, 2014 at 10:39 am

മലപ്പുറം: തലപ്പാടി-കുറ്റിപ്പുറം 318 കിലോമീറ്റര്‍ റീച്ചില്‍ നാല്‌വരിപ്പാത ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ നിന്നും എന്‍ എച്ച് അതോറിറ്റി പിന്മാറിയ സാഹചര്യത്തില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുപ്പ് നടത്തി ചുങ്കമില്ലാത്ത ആറ് വരിപ്പാത നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
45 മീറ്റര്‍ സ്ഥലമേറ്റെടുപ്പ് ജില്ലയില്‍ കാല്‍ ലക്ഷം പേരെ നേരിട്ട് ബാധിക്കുന്നത് കൊണ്ടാണ് എതിര്‍പ്പ് രൂക്ഷമായത്. എന്നാല്‍ 30 മീറ്റര്‍ സ്ഥലമേറ്റെടുപ്പ് കേവലം 500 പേരെ മാത്രമേ ബാധിക്കുകയുള്ളൂ. അവര്‍ക്ക് നടപ്പ് വിലയില്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മതി. കിലോമീറ്ററിന് ആറ് കോടി രൂപ പ്രകാരം 318 കിലോമീറ്ററിന് 2000 കോടി രൂപയോളമേ യഥാര്‍ഥത്തില്‍ ചെലവ് വരൂ. ബി ഒ ടി കമ്പനികള്‍ കിലോമീറ്ററിന് 22 കോടി വരെയാണ് ചെലവ് കാണിക്കുന്നത്. ഇത്തരം തട്ടിപ്പുകളാണ് സമരക്കാര്‍ തുറന്നുകാട്ടിയത്. പെട്രോള്‍, ഡീസല്‍ ദേശീയപാത സെസ് ഇനത്തില്‍ ഒരു വര്‍ഷം 4000 കോടി കേന്ദ്രം കേരളത്തില്‍ നിന്ന് പിരിച്ചെടുക്കുന്നുണ്ട്. ആ തുക തിരിച്ചുപിടിച്ചാല്‍ ചുങ്കമില്ലാത്ത റോഡ് വികസനം സര്‍ക്കാരിന് നടപ്പിലാക്കാമെന്നും ആക്ഷന്‍ കൗണ്‍സില്‍ജില്ലാ ചെയര്‍മാന്‍ വി പി ഉസ്മാന്‍ഹാജി, കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം എന്നിവര്‍ പറഞ്ഞു.