നാട്ടുകാരെ കണ്ണീരിലാഴ്ത്തി രണ്ട് ഇരട്ട മരണങ്ങള്‍

Posted on: May 7, 2014 10:34 am | Last updated: May 7, 2014 at 10:34 am

വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ഒരുമാസത്തിനിടെയുണ്ടായ ഇരട്ട മരണങ്ങള്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ 13ന് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരേ വീട്ടിലെ രണ്ട് പേര്‍ മരിച്ചതിന്റെ ദുഖം മാറും മുമ്പാണ് ഇന്നലെ പാമ്പ് കടിയേറ്റ് പുനകത്ത് കദീജയും സംഭവമറിഞ്ഞ് ഭര്‍ത്താവ് മുഹമ്മദ്ഹാജിയും മരിച്ചത്.
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ തോട്ടശ്ശേരിയറ നടുറമ്പ് അരീക്കാടന്‍ പടിക്കത്തൊടി മുഹമ്മദ്ഹാജിയുടെ ഭാര്യ കദിയാമു (70), മകന്‍ അബ്ദുല്ലയുടെ ഭാര്യ എന്നിവരാണ് മരണപ്പെട്ടത്. ഒരേ വീടുകളില്‍ ഇരട്ട മരണങ്ങള്‍ രണ്ടാം തവണയും നടന്നതിന്റെ ദുഖത്തിലാണ് തോട്ടശ്ശേരിയറ ഗ്രാമം.
ഇന്നലെ മരണപ്പെട്ട പുളിക്കല്‍ മുഹമ്മദ്ഹാജിയുടെയും ഭാര്യ ഖദീജയുടെയും മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി ഒന്‍പതുമണിയോടെ ചെങ്ങാടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, ശിഹാബുദ്ദീന്‍ ബുഖാരി, അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി, ടി ടി അഹമ്മദ്കുട്ടി സഖാഫി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപവത്കൃതമായി 2000ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് മത്സരിച്ച വിജയിച്ച പുളിക്കല്‍ മുഹമ്മദ്ഹാജി പഞ്ചായത്ത് മെമ്പറായിരുന്നു.