Connect with us

Ongoing News

ഗോണ്ടയില്‍ മുസ്‌ലിംകള്‍ തീരുമാനിക്കും

Published

|

Last Updated

ഉത്തര്‍പ്രദേശില്‍ ജയിച്ചു കയറുന്നവര്‍ രാജ്യം ഭരിക്കുമെന്നാണ് വെപ്പ്. യു പിയില്‍ നേടാന്‍ മുസ്‌ലിംകളുടെ മനം കവരണമെന്നത് വസ്തുത. എന്നാല്‍ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോഴും മുസ്‌ലിംകള്‍ അവരുടെ മനം തുറന്നിട്ടില്ല. മുസ്‌ലിം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ഉറപ്പിച്ച മട്ടാണ്. ഇതിന് തെളിവായി മുസ്‌ലിം പണ്ഡിതരുടെയോ സംഘടനകളുടെയോ പരസ്യ പ്രതികരണം ഇതുവരെ വന്നിട്ടില്ലെന്ന് മാത്രം. ഈ മൗനവും അനിശ്ചിതത്വവും ഏറ്റവും പ്രകടമായ മണ്ഡലമാണ് ഇന്ന് വിധിയെഴുതുന്ന ഗോണ്ട. മറ്റേത് സീറ്റിനേക്കാളും മുസ്‌ലിം വോട്ട് നിര്‍ണായകമായ മണ്ഡലമാണ് ഇത്. ഇവിടെ കീര്‍ത്തി വര്‍ധന്‍ സിംഗ് ആണ് ബി ജെ പി സ്ഥാനാര്‍ഥി. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥികളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ രൂപവത്കരണമൊന്നും നടന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മണ്ഡലത്തില്‍ അഞ്ച് ലക്ഷം മുസ്‌ലിം വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. മണ്ഡലത്തിലെ സിറ്റിംഗ് എം പിയും തീപ്പൊരി നേതാവുമായ ബേനി പ്രസാദ് വര്‍മയാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തുള്ളത്. ബി എസ് പിയുടെ അക്ബര്‍ അഹ്മദും എസ് പി സ്ഥാനാര്‍ഥിയും മൂന്ന് തവണ എം എല്‍ എയുമായ നന്ദിത ശുക്ലയും എ എ പിയുടെ മഹൂഖ് അഹ്മദുമെല്ലാം അവരവരുടെ നിലയില്‍ സ്വാധീന ശക്തിയുള്ളവരാണ്. “ഞങ്ങള്‍ എല്ലാ ദിവസവും സ്ഥാനാര്‍ഥികളുടെ വിവിധ വശങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. ഒരു തീര്‍പ്പിലെത്താന്‍ സാധിക്കുന്നില്ല” – കടയുടമയായ മുഹമ്മദ് അയ്യൂബ് പറയുന്നു. “ബി ജെ പിയെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്നതില്‍ വലിയ ആശയക്കുഴപ്പത്തിലാണ് ഞങ്ങള്‍” – വ്യാപാരിയായ മുഹ്‌സിന്‍ ഖാന്‍ പറഞ്ഞു.
മോദിക്കെതിരെ രാക്ഷസ പ്രയോഗം വരെ നടത്തിയാണ് ബേനി പ്രസാദ് വര്‍മ പ്രചാരണത്തില്‍ ഇടിച്ചു കയറിയത്. ഇത് മുസ്‌ലിംകളില്‍ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. മാത്രമല്ല, സ്വന്തം സമുദായമായ കുര്‍മി വിഭാഗത്തില്‍ നിന്നുള്ള രണ്ട് ലക്ഷം വോട്ടുകളും കൂടിയാകുമ്പോള്‍ വിജയം അദ്ദേഹത്തിന് സുനിശ്ചിതമാണത്രേ.
മുസ്‌ലിംകളില്‍ നല്ലൊരു ശതമാനവും തന്നെ പിന്തുണക്കുമെന്നാണ് നന്ദിത ശുക്ലയുടെ ആത്മവിശ്വാസം. നാല് ലക്ഷത്തോളം വരുന്ന ബ്രാഹ്മണ വോട്ടുകളും തന്റെ അക്കൗണ്ടില്‍ പെടുത്തുന്നു അവര്‍. “ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് പല ആക്ഷേപങ്ങളും ഉണ്ട്. പക്ഷേ ജാതി സമവാക്യം തുണക്കും” – എസ് പിയുടെ പ്രചാരണ ചുമതലയുള്ള രാജേന്ദ്ര പ്രസാദ് ശുക്ല പറയുന്നു. ബി എസ് പി സ്ഥാനാര്‍ഥി അക്ബര്‍ അഹ്മദ് മണ്ഡലത്തിന് പുറത്തുള്ളയാളാണ്. രാജ്‌നാഥ് സിംഗും മുരളീ മനോഹര്‍ ജോഷിയും ലക്‌നോവിലും കാണ്‍പൂരിലും പുറത്ത് നിന്നുള്ളവരല്ലേയെന്നാണ് ബി എസ് പി വക്താവ് മുശ്താഖ് അഹ്മദ് ചോദിക്കുന്നത്.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ തങ്ങള്‍ ജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പക്ഷേ ഒരു പ്രശ്‌നമുണ്ട്. സ്ഥാനാര്‍ഥി കീര്‍ത്തി വര്‍ധന്‍ 2009ല്‍ ബി എസ് പി ടിക്കറ്റില്‍ മത്സരിച്ച് ബേനി പ്രസാദിനോട് 24,000 വോട്ടിന് തോറ്റയാളാണ്. ഈ പ്രതിച്ഛായാ പ്രശ്‌നം കുറച്ചൊന്നുമല്ല ബി ജെ പിയെ കുഴക്കുന്നത്. 1999ല്‍ ബി ജെ പിയിലെ ബ്രിജ്ഭൂഷണ്‍ സരണ്‍ സിംഗും 2004ല്‍ എസ് പിയിലെ കീര്‍ത്തി വര്‍ധന്‍ സിംഗുമാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. മണ്ഡലത്തിന്റെ ചരിത്രം നോക്കുമ്പോള്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍.