ബ്രദര്‍ഹുഡ് നിലനില്‍ക്കില്ല: അല്‍ സീസി

Posted on: May 7, 2014 7:27 am | Last updated: May 7, 2014 at 8:28 am
SHARE

309813_mainimgകൈറോ: ഈജിപ്തിലെ നിരോധിത ബ്രദര്‍ഹുഡ് സംഘടന നിലനില്‍ക്കില്ലെന്ന് മുന്‍ സൈനിക മേധാവി അബ്ദുല്‍ഫത്താഹ് അല്‍ സീസി. ടെലിവിഷന്‍ ചാനലിന് ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ബ്രദര്‍ഹുഡ് നടത്തിയ രണ്ട് കൊലപാത ശ്രമങ്ങള്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 26, 27 തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീസി ജയിക്കുമെന്നാണ് വ്യാപകമായ പ്രചാരണം. ഈജിപ്തിലെ ജനതയാണ് മുര്‍സിയെ അധികാരത്തില്‍ നിന്ന് നീക്കിയതെന്ന് സീസി അവകാശപ്പെട്ടു. സൈന്യത്തിന് അധികാരത്തില്‍ ഒരുതരത്തിലുള്ള പങ്കാളിത്തവും ഉണ്ടാകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ സീസിയെ അഭിസംബോധന ചെയ്യുന്നത് വരാനിരിക്കുന്ന പ്രസിഡന്റെന്നാണ്. സീസിയുടെ അഭിമുഖം പ്രക്ഷേപണം ചെയ്യുന്നത് കാണാന്‍ തെരുവുകളില്‍ അനുയായികള്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്ത് പോകുന്ന ഘട്ടത്തിലാണ് സീസിയുടെ നേതൃത്വത്തില്‍ സൈന്യം അധികാരം പിടിച്ചത്.