മാന്‍ കൊമ്പുകള്‍ വില്‍ക്കാനെത്തിയ ആറംഗ സംഘം പിടിയില്‍

Posted on: May 7, 2014 6:00 am | Last updated: May 7, 2014 at 8:16 am
SHARE

കണ്ണൂര്‍: വനത്തില്‍ നിന്ന് വേട്ടയാടിയ ശേഷം ശേഖരിച്ച നാല് മാന്‍ കൊമ്പുകളുമായി വില്‍പ്പനക്കെത്തിയ ആറംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. ഇന്നലെ രാവിലെ 11ഓടെ പയ്യാമ്പലത്താണ് നാല് മാന്‍ കൊമ്പുകളുമായി കാസര്‍കോട് പരപ്പ സ്വദേശികളായ ആറ് പേരെ വനം വകുപ്പ് ഫഌയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ബി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പരപ്പ ചുരുളി സ്വദേശികളായ മൗലാക്കിരിയത്ത് കെ എസ് സുധീര്‍ (21), ചാലിങ്കല്‍ ഹൗസില്‍ കെ രതീഷ് (24), അക്കാരത്ത് ഹൗസില്‍ രജീഷ് കുമാര്‍ (22), വളപ്പില്‍ ഹൗസില്‍ കെ വി ശ്രീഹരി (20), അറക്കല്‍ ഹൗസില്‍ ലിജോ സെബാസ്റ്റ്യന്‍ (22), വളപ്പില്‍ ഹൗസില്‍ ബി ഗിരീഷ് (33)എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ കെ എല്‍ 11 സി 1830 നമ്പര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇടപാടുകാരായാണ് റേഞ്ച് ഓഫീസര്‍ ഗോപകുമാറും സംഘവും ഇവരെ സമീപിച്ചത്. ഇന്നലെ രാവിലെ പയ്യാമ്പലത്ത് എത്താന്‍ ആവശ്യപ്പെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. വെള്ളരിക്കുണ്ട് ഭാഗത്തെ വനത്തില്‍ നിന്നാണ് മാന്‍ കൊമ്പുകള്‍ ശേഖരിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കി.