Connect with us

Ongoing News

നിയന്ത്രിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹന ദുരുപയോഗം: കര്‍ശന നടപടി; ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെ ഇത് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി വരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എസ് പി റാങ്കിന് മുകളിലുള്ളവര്‍ ഓരോരുത്തരും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണമടക്കം വിവരങ്ങള്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് ഡി ജി പിക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി ഹരന്‍, കത്ത് നല്‍കി.

നാലും അഞ്ചും വാഹനങ്ങള്‍ ഒരേ സമയം കൈവശം വെക്കുന്ന പോലീസ് ഉന്നതരില്‍ ചിലര്‍ ഇവ കുടുംബാംഗങ്ങളുടെ യാത്രകള്‍ക്കായും പതിവായി വിട്ടുനല്‍കുന്നുവെന്നാണ് ആക്ഷേപമുയര്‍ന്നത്.
ഒരു വനിതാ എ ഡി ജി പിയുടെ ഭര്‍ത്താവിന്റെ പോലീസ് വാഹനത്തിലെ യാത്രാദൃശ്യങ്ങള്‍ സഹിതം സ്വകാര്യ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ കത്ത്. പൊതു ഖജനാവിനെ ദുര്‍വ്യയം ചെയ്യുന്നതോടൊപ്പം ഇതുമൂലം വകുപ്പിനുണ്ടാകുന്ന ചീത്തപ്പേരും പരിഗണിച്ച് ഉടന്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം, എസ് പി റാങ്കിന് മുകളിലേക്കുള്ളവര്‍ ഓരോരുത്തരും കൈവശം വെച്ചിരിക്കുന്ന വാഹനങ്ങള്‍ എത്ര, ഓരോന്നിന്റെയും രജിസ്‌ട്രേഷന്‍ നമ്പര്‍, ഓരോന്നിലുമുള്ള ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ലോഗ് ബുക്ക് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഒന്നിലേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ കൈവശം വെക്കുന്നത് സര്‍ക്കാര്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത തുക ഒടുക്കി സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാമെന്ന് വ്യവസ്ഥ മറയാക്കിയാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒന്നിലേറെ വാഹനങ്ങള്‍ ചിലര്‍ കൈവശം വെക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്.

Latest