ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ : ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Posted on: May 7, 2014 8:13 am | Last updated: May 7, 2014 at 8:13 am

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്‌കൂളില്‍ ഇക്കൊല്ലം ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകളും അനുബന്ധ രേഖകളും സഹിതം ഈ മാസം 15ന് രാവിലെ പത്തരക്ക് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹെഡ് മാസ്റ്റര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
സംഭവത്തില്‍ 15 നകം വിശദീകരണം നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായി ഒന്‍പതാം ക്ലാസ്സില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന പ്രവണതയെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കെ ടി മുനീബ് ഒളിവിലാണ്. പ്രതിഷേധം ഭയന്ന് സ്‌കൂളിലെ മറ്റ് അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുമുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.