Connect with us

Kozhikode

കൃത്രിമ വിജയശതമാനം; സ്‌കൂളുകളില്‍ കണക്കെടുപ്പ്‌

Published

|

Last Updated

കോഴിക്കോട്: ശരാശരിക്കാര്‍ പോലും എസ് എസ് എല്‍ സി ജേതാക്കളാകുന്ന കാലത്ത് സ്‌കൂളുകള്‍ കൃത്രിമ വിജയ ശതമാനത്തിനായി ഒന്‍പതാം ക്ലാസില്‍ കുട്ടികളെ തോല്‍പ്പിക്കുന്നത് തടയാനായി സര്‍ക്കാര്‍ രംഗത്ത്.

ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ട കുട്ടികളുടെ കണക്കെടുക്കുന്നു. 2013 – 2014 വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയാണ് നിര്‍ദേശം കൈമാറിയത്. ഇതില്‍ തന്നെ ഒന്‍പതാം തരത്തില്‍ രണ്ട് തവണ പരാജയപ്പെട്ട കുട്ടികളുടെ വിലാസം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഇന്നലെ തന്നെ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഓരോ സ്‌കൂളിലും ഒന്‍പതാം ക്ലാസില്‍ എത്ര കുട്ടികള്‍ പരീക്ഷയെഴുതി. ഇവരില്‍ എത്ര കുട്ടികള്‍ പരാജയപ്പെട്ടു, ആണ്‍കുട്ടികള്‍ എത്ര, പെണ്‍കുട്ടികള്‍ എത്ര, അവരുടെ പരീക്ഷാനിലവാരം എന്നിവ സംബന്ധിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി നിസ്‌ല തുടര്‍ച്ചയായി രണ്ടാം തവണയും ഒന്‍പതാം തരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.
കൃത്രിമമായി വിജയശതമാനമുണ്ടാക്കുന്നതിനായി തന്നെ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മരിച്ച വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
പത്താം തരത്തില്‍ നൂറ് ശതമാനം വിജയം നേടുന്നതിനായി ഒന്‍പതാം ക്ലാസില്‍ കുട്ടികളെ തോല്‍പ്പിക്കുന്നത് വ്യാപകമാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്ത രമായി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടത്. സ്‌കൂളുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത മത്സരത്തിന്റെ ഭാഗമായി എയ്ഡഡ് സ്‌കൂളുകള്‍ സ്ഥാപനത്തിന്റെ പ്രശസ്തി ഉയര്‍ത്താനായി കുട്ടികളെ കരുവാക്കുന്നത് പതിവാണ്. എന്നാല്‍ അടുത്തിടെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സമാനമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചിലതും ഈ രീതി സ്വീകരിച്ചു വരുന്നുണ്ട്.
സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത് ഇത്തരം കാട്ടുനീതി സ്‌കൂളുകളില്‍ നിന്ന് ഇല്ലാതാകാന്‍ കാരണമായേക്കും. കൃത്രിമമായുണ്ടാക്കുന്ന നൂറ് ശതമാനം വിജയം ഉയര്‍ത്തിക്കാണിച്ചാണ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആകര്‍ഷിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതോടെ അനാരോഗ്യകരമായ പ്രവണത അവസാനിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.