Connect with us

Ongoing News

തൃശൂര്‍ പൂരത്തിന് വര്‍ണക്കുടകള്‍ വിരിയുന്നതും കാത്ത് ഈ വീട്ടമ്മമാര്‍

Published

|

Last Updated

tsr fazeela story photoതൃശൂര്‍: പൂരം പുരുഷാരവത്തില്‍ മുങ്ങുമ്പോള്‍ പൂരത്തിനുള്ള ഒരുക്കങ്ങളില്‍ സജീവമായി പെണ്‍സാന്നിധ്യം. ആകാശ ഗോപുരങ്ങളില്‍ വര്‍ണവിസ്്്മയം തീര്‍ക്കുന്ന വര്‍ണക്കുടകള്‍ തീര്‍ക്കുന്നതിന് പിറകില്‍ സ്ത്രീകള്‍ ഇഴ നെയ്‌തെടുത്ത ചന്തവും. തൃശൂര്‍ പൂരത്തിന്റെ ആനച്ചമയ ഒരുക്കങ്ങളിലാണ് സ്ത്രീകളുടെ സാന്നിധ്യം തിളക്കമേറുന്നത്.

പൂരമെന്നും പുരുഷന്‍മാര്‍ക്കു സ്വന്തമാണ്. പ്രത്യേകിച്ച് തൃശൂര്‍ പൂരം. സ്വന്തം നാട്ടിലെ പൂരമായിട്ടും ടിവി യിലൂടെ മാത്രം പൂരം കണ്ടിരുന്ന കഥകളാണ് കുന്നത്തങ്ങാടി സ്വദേശിനികളും വീട്ടമ്മമാരുമായ സ്വപ്‌നക്കും ദിവ്യക്കും പറയാനുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പറയാനുള്ള കഥ സന്തോഷത്തിന്റെതാണ്. കാരണം പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയങ്ങളില്‍ ജോലിയെടുക്കാന്‍ അവര്‍ക്ക്്് കഴിഞ്ഞുവെന്നത് തന്നെ. അടുക്കളയില്‍ നിന്ന്്് ആനച്ചമയങ്ങള്‍ വരെയെത്തിയ പൂരാവേശം പറഞ്ഞാലും തീരാത്ത വാക്കുകളിലാണ് ഈ വീട്ടമ്മമാരുടെ മുഖങ്ങളില്‍ തെളിയുന്നത്.
ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുവരുന്ന വെല്‍വെറ്റ്, സാറ്റിന്‍, ബ്രോക്കേഡ് തുണികള്‍ കൊണ്ടാണ് കുടകള്‍ നിര്‍മിക്കുന്നത്. വര്‍ണ വിസ്മയമൊരുക്കി പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ ഒരുക്കുന്ന വര്‍ണക്കുടകളുടെ അവസാനവട്ട മിനുക്കുപണികളില്‍ പാറമേക്കാവിന്റെ പണിപ്പുരയില്‍ പെണ്‍ സാന്നിധ്യമാകുകയാണ് ഇവര്‍. കുടകളില്‍ കാല്‍ പിടിപ്പിക്കുന്നതിനുള്ള തുന്നല്‍, അലുക്കു പിടിപ്പിക്കല്‍, ആനയുടെ പാദസരങ്ങളില്‍ മണികള്‍ പിടിപ്പിക്കല്‍, പള്ളമണി പിടിപ്പിക്കല്‍ അങ്ങനെ പോകുന്നു ചമയങ്ങള്‍ മോടി പിടിപ്പിക്കുന്ന പണി. ചെറിയൊരു വരുമാനമെന്നതിലുപരി ഭാഗ്യമായാണ് ഈ ജോലിയെ ഇവര്‍ കാണുന്നത്. അങ്ങനെ അരങ്ങിലെത്താന്‍ പോകുന്ന പൂരത്തിന് അണിയറയില്‍ മോടി പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവരിപ്പോള്‍.
ഇത്തവണ കുടമാറ്റവും തെക്കോട്ടിറക്കവും കാണാന്‍ സ്ത്രീകള്‍ക്ക്്് പ്രത്യേക പവലിയനുള്ളതിനാല്‍ ഇരുവരും പൂരത്തിനെത്തുമെന്ന് ഉറപ്പിച്ചു പറയുന്നു. ചമയങ്ങളില്‍ വ്യാപൃതരായി മാസമൊന്ന് പിന്നിടുമ്പോള്‍, പൂരത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുകയാണ് സ്വപ്‌നയും ദിവ്യയും.
പ്രീഡിഗ്രി വരെ പഠിച്ച സ്വപ്‌നയുടെ ഭര്‍ത്താവ് ശശി ആശാരിപ്പണിക്കാരനാണ്. സംഗീതയും സനല്‍ കുമാറുമാണ് മക്കള്‍. ജീവിതവും സൂചികൊണ്ട് ഇഴ നെയ്‌തെടുക്കുകയാണ് ദിവ്യ. തുന്നല്‍പ്പണിക്കാരിയായ സ്വപ്‌നയുടെ ഭര്‍ത്താവ് പ്രിയന്‍ കല്‍പ്പണിക്കാരനാണ്. ആദിത്യന്‍, അതുല്‍ എന്നിവര്‍ മക്കളുമാണ്. സ്വന്തം കരവിരുതുകള്‍ ഉള്‍ക്കൊള്ളുന്ന വര്‍ണക്കുടകള്‍ ആകാശഗോപുരങ്ങളില്‍ മാറി മറിയുന്ന, കുട്ടിക്കാലം മുതല്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുകയാണ് പൂരം അകലെ നിന്ന് മാത്രം കണ്ട ഈ വീട്ടമ്മമാര്‍.

Latest