സഊദിയില്‍ മലയാളി യുവാവിന്റെ മരണം: ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് മാതാപിതാക്കള്‍

Posted on: May 7, 2014 12:30 am | Last updated: May 7, 2014 at 12:30 am

കൊച്ചി: സഊദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ച സംഭവത്തിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാനും മൃതദേഹം നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോതമംഗലം കോട്ടപ്പടി നാഗഞ്ചേരി അര്‍ത്തുങ്കല്‍ വീട്ടില്‍ ഷൈജു (31)വാണ് ഏപ്രില്‍ 19ന് മരിച്ചത്. റിയാദ് അല്‍ഖാസിമിയില്‍ അല്‍-റഷീദ് ആന്‍ഡ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഷൈജു കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചുവെന്ന് സുഹൃത്ത് ഫോണില്‍ അറിയിക്കുകയായിരുന്നു.
പ്രവാസി സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ ഷൈജുവിന്റെ മരണം സ്ഥിരീകരിച്ചെങ്കിലും മരണവിവരം വീട്ടുകാരെ അറിയിക്കാന്‍ ജോലി ചെയ്തിരുന്ന കമ്പനിയോ എംബസി അധികൃതരോ തയ്യാറായിട്ടില്ല. ഇതിനു പിന്നില്‍ ദുരൂഹതയുണ്ട്. കമ്പനിയുമായി അടുത്തിടെ അകല്‍ച്ചയിലായിരുന്ന ഷൈജുവിന് ഫിലിപ്പൈന്‍സ് സ്വദേശിയുമായി ശത്രുത ഉണ്ടായിരുന്നതായും വിവരമുണ്ട്. ഷൈജുവിന്റെ മരണം കമ്പനികൂടി അറിഞ്ഞുള്ള കൊലപാതകമാണോ എന്ന് സംശയിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്ര പ്രവാസികാര്യ മന്ത്രി, കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. കോതമംഗലം എം എല്‍ എ. ടി യു കുരുവിളയെ നേരിട്ടുകണ്ട് വിവരം അറിയിച്ചെങ്കിലും അദ്ദേഹവും സഹായിച്ചില്ല. മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് വിവരമെന്നും മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മരിച്ചുവെന്ന് പറയപ്പെടുന്നതിന്റെ തലേദിവസം അമ്മയുമായി ഷൈജു ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. വീട് നവീകരിക്കുന്നതുള്‍പ്പെടെ ഭാവി കാര്യങ്ങളായിരുന്നു വിഷയം. ആറ് മാസം കഴിയുമ്പോള്‍ വീട്ടിലേക്ക് വരുന്ന കാര്യവും പറഞ്ഞിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശിനിയുമായി അടുപ്പത്തിലായിരുന്ന ഷൈജുവിനെ യുവതിയുടെ ബന്ധു ഭീഷണിപ്പെടുത്തിയതായി റിയാദിലെ മലയാളി സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഷൈജു മരിച്ചതിന്റെ തലേദിവസം യുവതിയുടെ ബന്ധുവുമായി വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. ഷൈജുവിനൊപ്പം താമസിച്ചിരുന്ന ഫിലിപ്പൈന്‍സ് സ്വദേശികളെ കമ്പനി നാട്ടിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷൈജുവിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
പിതാവ് ശിവന്‍, മാതാവ് പ്രഭ, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി എം യു അശ്‌റഫ്, പഞ്ചായത്ത് അംഗം കെ എസ് സുബൈര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.