പി ജി ഡോക്ടര്‍മാര്‍ പണിമുടക്കി

Posted on: May 7, 2014 12:25 am | Last updated: May 7, 2014 at 12:25 am

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി വിദ്യാര്‍ഥികള്‍ സൂചനാ പണിമുടക്ക് നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഒ പി, വാര്‍ഡ് ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിച്ചായിരുന്നു പണിമുടക്ക്. അത്യാഹിത വിഭാഗം, ഓപറേഷന്‍ തിയേറ്ററുകള്‍, ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗങ്ങള്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല.
കേരള മെഡിക്കല്‍ പി ജി അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് ഉച്ചയോടെ അവസാനിച്ചു. സമര പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 94 പി ജി ബാച്ചുകളുടെ അംഗീകാരം ഐ എം സി റദ്ദാക്കിയതിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് സമരം നടത്തിയത്.