Connect with us

Ongoing News

ന്യൂനമര്‍ദം: തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ

Published

|

Last Updated

തിരുവനന്തപുരം: കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിരുവനന്തപുരത്തിന് മുകളിലേക്ക് നീങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്നലെ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് തിരുവനന്തപുരത്തും മറ്റ് തെക്കന്‍ ജില്ലകളിലും ഉണ്ടായത്. കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കന്യാകുമാരിയില്‍ ശ്രീലങ്കന്‍ കടലിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം തലസ്ഥാനത്തിനു മുകളിലെത്തിയതാണ് മഴ ശക്തമാകാന്‍ കാരണം. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ അറബിക്കടലിലൂടെ മുന്നേറും. ഇതുകാരണം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ മഴ പെയ്തതോടെ തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, വേനല്‍മഴയില്‍ ഇതുവരെയുള്ള നഷ്ടം എഴുപത് കോടി കവിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇരുപത് പേരാണ് വേനല്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് 280 വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നാലായിരത്തോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് കോടിയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 500 കിലോമീറ്ററോളം റോഡുകള്‍ തകര്‍ന്നതായും മന്ത്രി പറഞ്ഞു.