ഹാജിമാരുടെ താമസം: നടപടി ത്വരിതപ്പെടുത്തണം

Posted on: May 7, 2014 6:00 am | Last updated: May 7, 2014 at 12:18 am

SIRAJ.......ഹജ്ജ് തീര്‍ഥാടകരുടെ സഊദിയിലെ താമസത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ഇതുസംബന്ധിച്ച സമിതി ശിപാര്‍ശ ചെയ്തിരിക്കയാണ്. നടത്തിപ്പ് സൗകര്യം കണക്കിലെടുത്ത് താരതമ്യേന പുതിയതും 350 യൂനിറ്റില്‍ കൂടുതലുള്ളതുമായ കെട്ടിടങ്ങള്‍ ലഭ്യമാക്കണമെന്നും ആസൂത്രണ കമ്മീഷന്‍ അംഗം ഡോ. സെയ്ദാ ഹമീദയുടെ നേതൃത്വത്തിലുള്ള സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മക്കയില്‍ താമസസൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതാതു വര്‍ഷത്തേക്ക് മാത്രം സംവിധാനമൊരുക്കുന്നതിനു പകരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ദീര്‍ഘകാലാടിസഥാനത്തിലുള്ള സംവിധാനമായിരിക്കും കൂടുതല്‍ ഫലപ്രദവും ഗുണകരവുമെന്നതിനാല്‍ അതേക്കുറിച്ച് ആലോചിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി ആസൂത്രണ കമ്മീഷന്‍ അംഗം സയ്ദാ ഹമീദ, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ്, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീം, വിദേശകാര്യ മന്ത്രാലയത്തിലെ ഹജ്ജ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന എ ആര്‍ ഘനശ്യാം എന്നിവരടങ്ങുന്ന ഒരു സമിതിയെയും കോടതി അധികാരപ്പെടുത്തി. 2013ലെ ഹജ്ജിനു തന്നെ ഇത് നടപ്പില്‍ വരുത്തണമെന്നായിരുന്നു കോടതി ഉത്തരവെങ്കിലും അപ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തേക്കുള്ള കെട്ടിടം വാടകക്കെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിക്കഴിഞ്ഞതിനാല്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷകരുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടും മക്കയില്‍ തീര്‍ഥാടകര്‍ക്ക് താമസ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടത്.
ഹറം ശരീഫിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹറമിന് സമീപത്തെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതിനാല്‍ ഏതാനും വര്‍ഷങ്ങളായി മക്കയില്‍ വിദേശ തീര്‍ഥാടകരുടെ താമസ സൗകര്യത്തില്‍ പരിമിതികളനുഭവപ്പെടുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ താമസിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയതില്‍ ഭൂരിഭാഗവും. ഇതുകാരണം ഹറം പള്ളിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള അസീസിയ, ശീശ തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലായാണ് സമീപ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ താമസിച്ചിരുന്നത്. ഇതേറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഹറമിന് പരമാവധി അടുത്ത് കൂടുതല്‍ പേര്‍ക്ക് താമസിക്കാന്‍ സൗകര്യപ്രദമായ കെട്ടിട സമുച്ചയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാടകക്കെടുത്താല്‍ ഈ പ്രയാസം വലിയൊരളവോളം പരിഹരിക്കാനാകും. സമിതി നിര്‍ദേശിച്ചതു പോലെ ഹറം വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് സമീപകാലത്തൊന്നും പൊളിക്കാന്‍ സാധ്യതയില്ലാത്ത കെട്ടിടങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
മക്കയിലെ വാടകക്കെട്ടിടങ്ങളില്‍ പാചകം നിരോധിച്ച സാഹചര്യത്തില്‍, തീര്‍ഥാടകര്‍ക്ക് കാറ്ററിംഗ് സംവിധാനം മുഖേന ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ, താമസിക്കുന്ന കെട്ടിടങ്ങളില്‍ ഭക്ഷണം പാചകം ചയ്യാന്‍ ഹാജിമാരെ അനുവദിക്കുകയും പാചകത്തിനാവശ്യമായ സാധനങ്ങള്‍ അവര്‍ നാട്ടില്‍ നിന്ന് കൊണ്ടുപോകുകയും ചെയ്യാറുണ്ടായിരുന്നു. ഭക്ഷണച്ചെലവുകള്‍ പരമാവധി പരിമിതപ്പെടുത്തി ഹജ്ജ് യാത്രാ ചെലവ് വലിയൊളവോളം കുറക്കാന്‍ ഇത് സഹായകമായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളാലാണ് പാചകത്തിന് നിരോധമേര്‍പ്പെടുത്തിയത്. ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്നതിനും താമസിയാതെ നിരോധം വന്നേക്കും. ഇതുമൂലം സാമ്പത്തിക ബാധ്യത വര്‍ധിക്കുമെങ്കിലും സ്ത്രീകള്‍ക്ക് ആരാധനകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താനായേക്കും.
പ്രവര്‍ത്തനങ്ങളിലെ ഉദാസീനത സര്‍ക്കാര്‍ സമിതികളുടെ ഒരു ശാപമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തീര്‍ഥാടക ദശലക്ഷങ്ങള്‍ വന്നെത്തുന്ന മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൗകര്യപ്രദമായ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വളരെ നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. പല രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഇതിനകം മക്ക സന്ദര്‍ശിച്ചു അവര്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും ഉടമകളുമായി കരാര്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ വൈകിയാണ് ഇക്കാര്യത്തില്‍ നമുക്ക് ബോധോദയം വരുന്നത്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി കരാറുറപ്പിക്കാനുള്ള സമിതിയെ സഊദിയിലേക്കയക്കുന്നതിന് സര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്തരുത്.