Connect with us

Articles

418 ബാറുകള്‍ തുറക്കുന്നത് ആര്‍ക്കു വേണ്ടി?

Published

|

Last Updated

1379676577പ്രവര്‍ത്തന നിലവാരമില്ലെന്ന് കണ്ടട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദേശപ്രകാരം കേരള സര്‍ക്കാര്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് ഒരു മദ്യനയം രൂപവത്കരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഒരു തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്; “”ഈ രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മുന്നില്‍ കാണുക. എന്നിട്ട് ആ തീരുമാനം അവനെ എങ്ങനെ ബാധിക്കുമെന്ന് നോക്കുക. എന്നിട്ട് തീരുമാനിക്കുക””. തീരുമാനമെടുക്കേണ്ടവര്‍ രാഷ്ട്രപിതാവിന്റെ ഈ വാക്കുകള്‍ മനസ്സിലിട്ട് അബ്കാരി വേണോ തൊഴിലാളി വേണോ ദരിദ്ര നാരായണന്മാര്‍ വേണോ എന്ന് തീരുമാനിക്കാന്‍ എന്തിന് പ്രയാസപ്പെടണം? മറ്റു രഹസ്യ അജന്‍ഡകള്‍ ഒന്നുമില്ലെങ്കില്‍ 418 ബാറുകളും അടച്ചുപൂട്ടണം. കാരണം മദ്യശാലകള്‍ ഒരു നന്മയും നാടിനും നാട്ടാര്‍ക്കും ചെയ്യുന്നില്ല.
“ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണുനീര്‍” ഇത് കേരള സര്‍ക്കാറിന്റെ എക്‌സൈസ് വകുപ്പ് മദ്യത്തിനെതിരെ കെ എസ് ആര്‍ ടി സി ബസുകളില്‍ രേഖപ്പെടുത്തിയ മദ്യവിരുദ്ധ വാചകമാണ്. ഇവിടെ ജനക്ഷേമത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. മദ്യമെന്ന മഹാവിപത്ത് കേരളീയ സമൂഹത്തെ കാര്‍ന്നു തിന്നുന്ന വേളയില്‍ അതിന്റെ ആഘാതം പരമാവധി കുറക്കാനുള്ള ശ്രമമാണ് ജനക്ഷേമം ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകേണ്ടത്.
യു ഡി എഫ് സര്‍ക്കാറുകളാണ് മദ്യത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയിരുന്ന ചാരായം നിരോധിച്ചതും യു ഡി എഫ് സര്‍ക്കാറാണ്. പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയില്ലെന്നും ഫൈവ്സ്റ്റാറില്‍ കുറഞ്ഞ ബാറുകള്‍ ഇനി അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുള്ളതും മദ്യനിരോധാധികാരം നല്‍കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232,447 വകുപ്പുകള്‍ പുനഃസ്ഥാപിച്ചതും യു ഡി എഫ് സര്‍ക്കാറാണ്. മദ്യത്തിനെതിരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന മദ്യവിരുദ്ധ ബോധവത്കരണങ്ങളും കേരളത്തില്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വെക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അഭിനന്ദനാര്‍ഹമാണ്. തുടര്‍ന്നും ജനേക്ഷമകരമായ മദ്യനയമാണ് സര്‍ക്കാറില്‍ നിന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ലോകത്തെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്‌കരിക്കുക എന്നതാണ്. ശാരീരികമായും മാനസികമായും കുടുംബപരമായും ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും മനുഷ്യനെ അവന്റെ സമഗ്രതയില്‍ മദ്യം നശിപ്പിക്കുകയാണ്. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന ബോര്‍ഡ് എഴുതിവെച്ച് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നതും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമല്ല. സ്വജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തു ഒരു ജനാധിപത്യ സര്‍ക്കാര്‍ വില്‍ക്കുന്നത് എങ്ങനെ ഭൂഷണമാകും. സര്‍ക്കാര്‍ വക മദ്യശാലകളും അടച്ചുപൂട്ടണം.
മദ്യവ്യാപാരത്തെ “പ്രതിസിദ്ധ കര്‍മം” എന്നാണ് അദൈ്വതവേദാന്തം വിശേഷിപ്പിക്കുക. എന്ത് ലക്ഷ്യം നേടണമെന്ന ഉദ്ദേശ്യത്തോടെയാണോ ഒരു കര്‍മം അനുഷ്ഠിക്കുന്നത് അതിനു വിപരീതമായ ലക്ഷ്യത്തില്‍ ഒരുവനെ എത്തിക്കുന്ന കര്‍മമാണ് പ്രതിസിദ്ധ കര്‍മം. സമ്പത്തും ഐശ്വര്യവും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന മദ്യവ്യാപാരം അതിനു വിരുദ്ധമായി ദാരിദ്ര്യവും സര്‍വനാശവും സമൂഹത്തിലുണ്ടാക്കുന്നു. അതുകൊണ്ട് മദ്യവ്യാപാരത്തെ നന്മയായോ തൊഴിലായോ കാണാനാകില്ല.
ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാറും മദ്യശാലകളും ധനം വാരിക്കൂട്ടുന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്‍മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്ര്യനിര്‍മാര്‍ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജന്‍ഡകളായി സര്‍ക്കാരുകള്‍ കാണുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കഠിനയാതനകളിലേക്ക് അനേകം കുടുംബങ്ങളെ അനുദിനം തള്ളിവിടുന്ന മദ്യശാലകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടണം.
ജീവിത സങ്കല്‍പ്പങ്ങളുടെയെല്ലാം തകിടം മറിച്ചിലുകള്‍ മദ്യത്തോടു ചേര്‍ന്ന് നമുക്ക് കാണാനാകും. ഇവിടെ കൊലയും കൊള്ളിവെപ്പും പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. വാഹനാപകടങ്ങള്‍, വിവാഹമോചനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ആത്മഹത്യകള്‍, കുടുംബ കലഹങ്ങള്‍ എന്നിവക്ക് പിന്നിലും മദ്യത്തെ കാണാം. പകയും കലഹവും രോഗവും അധര്‍മവും അരാജകത്വവും മദ്യത്തിന്റെ ഭവിഷ്യത്തുകളാണ്. ഇവിടെ മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്ന, സ്വബോധവും സമനിലയും നഷ്ടപ്പെട്ട ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അകമേ അധര്‍മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
വിദേശമദ്യക്കച്ചവടം സര്‍ക്കാറിന്റെ കുത്തക കച്ചവടമാക്കി മാറിയത് 1980 ലാണ്. പുനലൂര്‍ വിഷ മദ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണ് മദ്യത്തിന്റെ കുത്തക സംഭരണവും വില്‍പ്പനയും സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്നു വന്ന സര്‍ക്കാറുകള്‍ മദ്യത്തിന്റെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ഇന്ന് സര്‍ക്കാറാണ് കേരളത്തിലെ ഏറ്റവും വലിയ അബ്കാരി. മദ്യക്കച്ചവടത്തിന്റെ 75 ശതമാനവും സര്‍ക്കാറാണ് നടത്തുന്നത്. മദ്യത്തെ വരുമാന മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാറിന്റെ രണ്ടാമത്തെ പ്രധാന വരുമാനം മദ്യത്തില്‍ നിന്നാണ്.
1790-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ അബ്കാരി-എക്‌സൈസ് നിയമം നടപ്പിലാക്കിയതോടെയാണ് ഇന്ത്യയില്‍ മദ്യപാന ശീലം അനുക്രമം വളരാന്‍ തുടങ്ങിയത്. വരുമാന വര്‍ധനവിന് വേണ്ടി ആരംഭിച്ച മദ്യവില്‍പ്പന കേരളത്തിലേക്ക് കടന്നുവന്നത് അദ്ധ്വാനിക്കുന്നവന്റെ മുന്നില്‍ ആശ്വാസത്തിന്റെയും സമ്പന്നരുടെ മുന്നില്‍ സന്തോഷത്തിന്റെയും വ്യാജ രൂപങ്ങളിലാണ്. ഇന്ന് രണ്ട് കൂട്ടരുടെയും സര്‍വനാശത്തിനാണ് മദ്യം ഇടവരുത്തുന്നത്.
ഒരു രാജ്യത്തിന്റെ സദാചാര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രാധാന ഉത്തരവാദിത്വം സര്‍ക്കാറിന്റെതാണ്. നാടുമുടിഞ്ഞാലും സമൂഹം നശിച്ചാലും ആത്മഹത്യകള്‍ പെരുകിയാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. സമൂഹത്തിന്റെ സദാചാര അടിത്തറ സര്‍ക്കാര്‍ തന്നെ തകര്‍ക്കരുത്.
ജനങ്ങളുടെ പുരോഗതിയേക്കാള്‍ സ്വാര്‍ഥ ലാഭത്തിനും താത്കാലിക നേട്ടങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കരുത്. സൈ്വരജീവിതത്തിനുള്ള മലയാളികളുടെ മൗലികാവകാശത്തെ അതിക്രമിക്കുന്ന, അനേകരെ രോഗികളും അക്രമികളും സാമൂഹികവിരുദ്ധരും രാജ്യദ്രോഹികളും കലഹപ്രിയരും അനാത്മീയരും ആക്കിമാറ്റുന്ന മദ്യവ്യാപാരം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനനന്മ ലക്ഷ്യം വെക്കാത്ത ഏത് പ്രവര്‍ത്തനവും രാജ്യദ്രോഹപരമാണ്. ജനത്തിനും രാജ്യത്തിനും ദ്രോഹപരമായ, ഒരു നന്മയും പ്രദാനം ചെയ്യാത്ത മദ്യശാലകള്‍ നമുക്കിനി വേണ്ട. പ്രവര്‍ത്തനയോഗ്യമല്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടി മദ്യലഭ്യത കുറക്കാന്‍ കിട്ടിയ അവസരം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയും രാഷ്ട്രീയ നേതൃത്വം തീരുമാനമെടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന് അര്‍ഥമുണ്ടാകുന്നത്.

Latest